കോട്ടയം . എത്ര കണ്ടാലും മടുക്കില്ല ഇല്ലിക്കുന്ന് തൂക്കുപാലം. തീക്കോയി - അടുക്കം റൂട്ടിൽ ഇല്ലിക്കുന്നിൽ തീക്കോയി ആറിനു കുറുകെയുള്ള തൂക്കുപാലത്തിന് ചരിത്ര പ്രാധാന്യവുമുണ്ട്. 1908ൽ തീക്കോയിൽ റബർ എസ്റ്റേറ്റ് ആരംഭിക്കുന്നതിനു ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഡാറാസ്മെയിൻ കമ്പനി 99 വർഷത്തെ പാട്ട കരാറിൽ 2500 ഏക്കർ ഭൂമി ഏറ്റെടുക്കുകയും തുടർന്ന് തൊഴിലാളികൾക്ക് സഞ്ചരിക്കുന്നതിന് തീക്കോയി ആറിനു കുറുകെ എസ്റ്റേറ്റ് കമ്പനി തൂക്ക് പാലം നിർമ്മിക്കുകയായിരുന്നു.
പാലം പിന്നീട് തീക്കോയി പഞ്ചായത്ത് ഏറ്റെടുത്തു. തീക്കോയി ആറിന് കുറുകെയുള്ള പാലം കാണാനും കയറാനും നിരവധിപ്പേരാണ് എത്തുന്നത്. ഇല്ലിക്കൽകല്ല്, മാർമല, വാഗമൺ എന്നിവിടങ്ങളിലേക്ക് പോകുന്ന സഞ്ചാരികളാണ് കൂടുതലും എത്തുന്നത്. പാലത്തിൽ നിന്ന് തീക്കോയി ആറിന്റെ സൗന്ദര്യവും ഇല്ലിക്കൽ, തീക്കോയി എസ്റ്റേറ്റ് മലനിരകളും ആസ്വദിക്കാം. ഒരേ സമയം പാലത്തിൽ നാലുപേർക്കേ കയറാൻ സാധിക്കൂ. ഇതിനായി പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
പ്രളയത്തിൽ തകർന്നു.
തീക്കോയി - തലനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം കഴിഞ്ഞ പ്രളയത്തിൽ തകർന്നു പോയിരുന്നു. പ്രളയ ജലത്തിൽ ഒഴുകിയെത്തിയ വലിയ തടികൾ ഇടിച്ച് തൂക്കുപാലത്തിന്റെ പ്രധാന ഇരുമ്പുകേഡറുകളും കുത്തു കമ്പികളും വളഞ്ഞു പോയിരുന്നു. ഇതിനെത്തുടർന്ന് തീക്കോയി പഞ്ചായത്ത് പാലം അറ്റകുറ്റപ്പണി നടത്തിയത്. തീക്കോയി പഞ്ചായത്തിലെ അമ്പതിൽപ്പരം കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |