ജില്ലയിലെ ആദ്യ സി.എൻ.ജി പ്ളാന്റ് ചവറയിൽ
കൊല്ലം: എൽ.പി.ജിയുടെ വിലക്കയറ്റത്തിൽ നിന്നു ആശ്വാസം പകരാൻ പൈപ്പ് ലൈൻ വഴി പ്രകൃതിവാതകം (സി.എൻ.ജി) വീട്ടിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ജില്ലയിലെ ആദ്യ പ്ലാന്റ് ചവറയിൽ സ്ഥാപിക്കും. ചവറ കെ.എം.എം.എൽ, എച്ച്.പി.സി.എൽ, സ്വകാര്യവ്യക്തി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരിടത്താണ് പ്ലാന്റ് ലക്ഷ്യമിടുന്നത്.
80,000 വീടുകൾക്ക് ആവശ്യമായ പി.എൻ.ജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) സംഭരിക്കാവുന്ന 5000 സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. തിരുവനന്തപുരം, ചേർത്തല എന്നിവിടങ്ങളിലെ മാതൃ പ്ലാന്റിൽ നിന്നു ലോറി മാർഗ്ഗം ഇവിടെ എത്തിക്കുന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് സംസ്കരിച്ച് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസാക്കി പൈപ്പ് ലൈനുകൾ വഴി വിതരണം ചെയ്യും. കരുനാഗപ്പള്ളി, ചവറ, കൊല്ലം, കുണ്ടറ മേഖലകളിൽ ഇവിടെ നിന്നു ഗ്യാസ് എത്തിക്കും. അടുത്ത ജൂണിൽ ആദ്യ പ്ലാന്റ് സജ്ജമാകുമെന്നാണ് പ്രതീക്ഷ. ചാത്തന്നൂരിലാണ് രണ്ടാമത്തെ പ്ലാന്റ് ലക്ഷ്യമിടുന്നത്. ഇവിടെ നിന്നു ചാത്തന്നൂർ, കൊട്ടിയം, ചടയമംഗലം മേഖലകളിലാകും വിതരണം. ഒന്നര ഏക്കർ സ്ഥലത്താകും പ്ലാന്റ്.
സിംഗപ്പൂർ ആസ്ഥാനമായുള്ള എ.ജി.പി എന്ന സ്വകാര്യകമ്പനിയാണ് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ നിർവഹണം ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തും ചേർത്തലയിലും മാതൃപ്ലാന്റുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
# പരീക്ഷണം കരുനാഗപ്പള്ളിയിൽ
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലാണ് പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നത്. എട്ട് വാർഡുകളിലെ 5000 വീടുകളിലാകും അദ്യഘട്ടത്തിൽ പൈപ്പ്ലൈൻ വഴി പ്രകൃതിവാതകം എത്തിക്കുക. അതിൽത്തന്നെ മൂന്ന് വാർഡുകളിലാണ് ഏറ്റവുമാദ്യം. ചവറയിൽ ചെറിയ ഡീ കംപ്രസ്ഡ് യൂണിറ്റ് സ്ഥാപിച്ച് അവിടെ നിന്നാകും വിതരണം. അഗസ്റ്റിൽ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം.
# അപകടഭയം വേണ്ട
വായുവിൽ ലയിക്കാത്തതിനാൽ പ്രകൃതി വാതകം അപകടരഹിതണ്. സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളെ ഭയക്കേണ്ട. വായു മലിനീകരണം സൃഷ്ടിക്കില്ല. സി.എൻ.ജി വരുന്നതോടെ എൽ.പി.ജി വിലയിലെ കൊള്ളയും അവസാനിക്കും.
# നേട്ടങ്ങളേറെ
എൽ.പി.ജി ഗാർഹിക സിലിണ്ടറിന് 1060 രൂപ
സമാനമായ അളവിൽ പി.എൻ.ജിക്ക് 750 രൂപ
പൈപ്പ് ലൈൻ സ്ഥാപിക്കാൻ ചെലവ് 6000 രൂപ
പിന്നീട് ഉപയോഗം അനുസരിച്ച് മാസംതോറും ബില്ലടയ്ക്കണം
ഉപഭോഗം അളക്കാനുള്ള മീറ്ററും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |