പാലക്കാട്: ആരോഗ്യജാഗ്രത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന പേരിൽ വാർഡുതല ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പെയിൻ പ്രവർത്തനങ്ങളും ആരംഭിച്ചു. ചിക്കൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി കൊതുക് പരത്തുന്ന രോഗങ്ങൾ തടയേണ്ടതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം അടിയന്തരമായി നീക്കാൻ ശുചിത്വമിഷൻ, നഗരസഭ - പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശുചീകരണത്തിന് മുമ്പും ശേഷവും ചിത്രങ്ങൾ നൽകണം. മാലിന്യനിക്ഷേപം നടന്ന പ്രദേശങ്ങളിൽ ശുചീകരണത്തിന് ശേഷം വീണ്ടും മാലിന്യനിക്ഷേപം നടക്കുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. പരിസര ശുചീകരണം ഉറപ്പുവരുത്താത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കും.
വീടുകൾതോറും കയറിയിറങ്ങി മാലിന്യം ശേഖരിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാനും ഹരിതകേരളം മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ദ്രവമാലിന്യങ്ങൾ തുടങ്ങിയ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. അജൈവ മാലിന്യങ്ങൾ കഴുകിയുണക്കി വൃത്തിയാക്കി ഹരിതകർമ്മ സേനയ്ക്ക് കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രവർത്തനം പുരോഗമിക്കുന്നു
മാർച്ച് അവസാനവാരത്തോടെ ജില്ലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പലയിടങ്ങളിലും നിക്ഷേപിച്ചിട്ടുള്ള പൊതുമാലിന്യം നീക്കം ചെയ്യേണ്ടതും നഗരസഭകളും പഞ്ചായത്തുകളുമാണ്. സ്ഥിരമായി മാലിന്യനിക്ഷേപം നടക്കുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും കാമറകളും പൊലീസ് പട്രോളിംഗിനുവേണ്ട സംവിധാനങ്ങളും ന ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.
വൈ.കല്യാണകൃഷ്ണൻ,
ഹരിതകേരളം മിഷൻ, ജില്ലാ കോ-ഓർഡിനേറ്റർ, പാലക്കാട്.
ശ്രദ്ധിക്കണം
വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുക.
ടെറസിലും മറ്റും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക.
വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക.
ഉപയോഗ്യശൂന്യമായ ചിരട്ടകൾ, പാത്രങ്ങൾ, കുപ്പികൾ, ടയറുകൾ എന്നിവ കമിഴ്ത്തിവയ്ക്കുകയോ മഴകൊള്ളാത്ത വിധമോ സൂക്ഷിക്കുക.
കക്കൂസ് ടാങ്ക് സുരക്ഷിതമാക്കുക.
കിണർവെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കുക.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മലിന്യങ്ങൾ പറമ്പിൽ വലിച്ചെറിയാതെ അവ സൂക്ഷിച്ച് ഹരിതകർമ്മ സേനയെ ഏൽപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |