തൃശൂർ: സംഗീത നാടക അക്കാഡമിയിൽ മേയ് 2 മുതൽ തുടങ്ങിയ കുട്ടികളുടെ നാടക ശിൽപ്പശാലയിൽ അഭിനയത്തിന്റെ ബാലപാഠം പകർന്നുനൽകാൻ നടൻ സുനിൽ സുഖദയെത്തി. അഭിനയത്തിന്റെ പാഠങ്ങൾ രൂപപ്പെടുത്തുന്നതിനായി മറ്റ് കളികളിലേക്ക് പ്രവേശിച്ചപ്പോൾ കുട്ടികൾ സിനിമയിൽ കണ്ട് പരിചയിച്ച നടനെ കളിക്കൂട്ടുകാരനായി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു നാടകക്കളരിയിലെ 46 കുട്ടികളും.
കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ സഹകരത്തോടെ രംഗചേതന നടത്തുന്ന 38-ാം കുട്ടികൾക്കുള്ള നാടകക്കളരിയാണ് കളിവെട്ടം - 2022. തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണുർ എറണാകുളം ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.
ചിത്രകാരൻമാരായ ദാമോദരൻ നമ്പിടി, സായൂജ് ചുങ്കത്ത്, ഫ്രാൻസിസ് ചിറയത്ത്, സൂരജ് വി.എസ്, യുവനർത്തകി രേഷ്മ ശ്രീരാം, കിരൺ കിഷോർ, യോഗ മാസ്റ്റർ ചന്ദ്രൻ മുക്കാട്ടുകര, അഭിനയ കളികൾ സുരേഷ് മേച്ചേരി, നാടകസംഗീതം സത്യജിത്ത്, തുടങ്ങിയവർ നയിക്കുന്ന ക്ലാസുകൾ ഇതിനകം പൂർത്തിയായി.
കളിവെട്ടം കോ- ഓർഡിനേറ്റർ വി.എസ്. ഗിരീശൻ മാസ്റ്റർ, മാനേജർ കെ.കെ. കിഷോർ, ഡയറക്ടർ കെ.വി. ഗണേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. 29ന് എല്ലാ കുട്ടികളും ചേർന്ന് ഒരുക്കുന്ന 'മുഖംമൂടിക്കളി' എന്ന നാടകം അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |