തൃശൂർ: സംസ്ഥാനത്തെ പ്രചാരമേറിയ ജില്ലാ പൊലീസ് ഫേസ്ബുക്ക് പേജെന്ന ബഹുമതി തൃശൂർ സിറ്റി പൊലീസിന് സ്വന്തം. പിന്തുടരുന്നവരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടതോടെയാണിത്. കൗമാരക്കാരുടെയും യുവാക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ, ഇൻസ്റ്റഗ്രാം പേജിലും കൂടുതൽ സജീവമാകും. കൃത്യവും സമഗ്രവും സത്യസന്ധവുമായ വിവരം അറിയിക്കുന്നതിനും ബോധവത്കരണത്തിനും യൂട്യൂബുമുണ്ട്.
ലോകത്തെ ഏറ്റവും പ്രചാരമേറിയ പൊലീസ് ഫേസ്ബുക്ക് പേജ് കേരളാ പൊലീസിന്റേതാണെന്നാണ് അവകാശവാദം. ജില്ലാ പേജുകളിൽ തൃശൂർ, മറ്റ് ജില്ലകളേക്കാൾ ബഹുദൂരം മുന്നിലാണ്. സഭ്യതയുടെയും മാന്യതയുടെയും അതിർവരമ്പുകൾക്കുള്ളിൽ നിന്നുള്ള ട്രോളുകളും അനുകമ്പയും പ്രചോദനവും ആത്മാർത്ഥതയുമുള്ള വാക്കുകളും ഷെയർ ചെയ്താണ് നേട്ടം കൈവരിച്ചതെന്ന് സാമൂഹിക മാദ്ധ്യമം കൈകാര്യം ചെയ്യുന്ന പൊലീസ് ടീം പറയുന്നു.
പേജിൽ കൊടുക്കുന്ന വിവരങ്ങൾ:
ജനങ്ങളുമായുള്ള ആശയസംവേദനത്തിന് ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് സമൂഹ മാദ്ധ്യമങ്ങൾ. ജനങ്ങൾക്ക് അറിയിപ്പുകൾ നൽകുകയും ജനങ്ങളിൽ നിന്നും ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനും സമൂഹ മാദ്ധ്യമങ്ങൾ ഉപകരിക്കുന്നുണ്ട്.
- ആർ. ആദിത്യ, ജില്ലാ പൊലീസ് മേധാവി, തൃശൂർ സിറ്റി
സ്റ്റേഷനുകൾ വഴി
സമൂഹ മാദ്ധ്യമ ഇടപെടലുകൾക്ക് കാതലായ സംഭാവനകൾ നൽകുന്നത് സ്റ്റേഷനുകളിൽ നിയമിതരായിട്ടുള്ള പബ്ലിക് റിലേഷൻസ് ഓഫീസർമാരാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർമാരും, ജനമൈത്രി പൊലീസ് ഓഫീസർമാരും ഉൾപ്പെടെയുള്ള ഓരോ പൊലീസുദ്യോഗസ്ഥരും പങ്കുവഹിക്കുന്നു. ജനകീയ പൊലീസിംഗ് എന്ന ആശയം ഫലപ്രദമാക്കുന്നതിന് ക്രിയാത്മക നിർദ്ദേശങ്ങൾ പൊതുജനങ്ങളും നൽകുന്നുണ്ട്.
പരാതികളിലും നടപടി
എഫ്.ബി പേജുകൾ വഴി പരാതികളും ലഭിക്കുന്നുണ്ട്. പോസ്റ്റുകൾക്ക് താഴെ കമന്റായി വരുന്ന പരാതികളിലും നടപടിയെടുക്കുന്നുണ്ട്. അതേസമയം തൃശൂരിലെ പൊലീസിനെതിരെ പരാതികളും കുറവാണ്. കമ്മിഷണർ ഓഫീസിൽ പ്രത്യേക സ്റ്റുഡിയോ തന്നെയുണ്ട്. പൂരം നടത്തിപ്പിനായി സമൂഹ മാദ്ധ്യമ ഇടപെടലുകളും ഈ സ്റ്റുഡിയോ വഴിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |