കൊച്ചി: രണ്ടര വർഷത്തോളം നീണ്ട കൊവിഡ് ഇടവേളയ്ക്ക് ശേഷം നാളെ മുതൽ ഗുരുവായൂരിൽ നിന്ന് പകൽ ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങും. എല്ലാ ദിവസവും രാവിലെ 6.10ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 06438 എറണാകുളം -ഗുരുവായൂർ എക്സ്പ്രസ് 8.45ന് ഗുരുവായൂരിലെത്തും. രാവിലെ 9.05ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന 06445 ഗുരുവായൂർ- തൃശൂർ എക്സ്പ്രസ് 9.35ന് തൃശൂരിലെത്തും. 06446 തൃശൂർ- ഗുരുവായൂർ എക്സ്പ്രസ് 11.25ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് 11.55ന് ഗുരുവായൂരിലെത്തും. 06447 ഗുരുവായൂർ -എറണാകുളം എക്സ്പ്രസ് ഉച്ചയ്ക്ക് 13.30ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് 16.40ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
ഗുരുവായൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെയും തൃശൂർ കുറ്റിപ്പുറം റോഡിന്റെയും നിർമ്മാണം മൂലം റോഡ് ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ ഗുരുവായൂരിലേയ്ക്കുള്ള പകൽ ട്രെയിനുകൾ ആരംഭിക്കണമെന്നത് ഏറെ നാളുകളായുള്ള ആവശ്യമായിരുന്നു. കൊവിഡ് ഇളവ് വന്നതുമുതൽ മുതിർന്ന പൗരന്മാരടക്കമുള്ള ഭക്തരുടെ വലിയ തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്.
പകൽ ട്രെയിനുകൾ വീണ്ടും ഓടുന്നത് അത്തരക്കാർക്ക് ഏറെ സൗകര്യമാകും. വൈകീട്ട് ഗുരുവായൂരിൽനിന്ന് തൃശൂരിലേയ്ക്കും തിരിച്ചുമുള്ള ട്രെയിൻ മാത്രമാണ് ഇനി ഓടുവാൻ ബാക്കിയുള്ളത്. അതും താമസിയാതെ സർവീസ് ആരംഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽസെക്രട്ടറി പി. കൃഷ്ണകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |