മെഴുവേലി: മെഴുവേലി 12ാം വാർഡിൽപ്പെടുന്ന മുമ്മൂല മടത്തുംപടി റോഡ് തകർന്നിട്ട് നാളുകളായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇല്ല. കുളനടയിൽ നിന്നും മെഴുവേലിവരെ എത്താൻ സാധിക്കുന്ന ഈ റോഡ് നിലവിൽ കുണ്ടും കുഴിയും ചെളിവെള്ളവുമാണ്. വഴി തകരാറിലായതോടെ കുളനടയിൽ നിന്നുമുള്ള യാത്രക്കാർ 1 കി.മീറ്ററോളം അധികം യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. കഴിഞ്ഞ പ്രളയത്തിൽ റോഡ് പൂർണമായും തകരുകയും സ്ഥലവാസികൾ സ്വന്തം നിലയിൽ റോഡ് നാന്നാക്കുകയും ചെയ്തിരുന്നു. എം.എൽ.എയ്ക്കും എം.പിക്കും നിരവധി തവണ പരാതികളും നിവേദനങ്ങളും നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. ദിവസവും നിരവധി അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ചെളിയിൽ തെന്നി അടുത്തുള്ള തോട്ടിലെക്കോ വയലിലെക്കോ മറിഞ്ഞുവിഴുന്നത് സ്ഥിരം കാഴ്ചയാണ്. രാത്രി സമയം ഇരുചക്ര വാഹനങ്ങൾ ചെളിയിൽ അപകടത്തിൽപ്പെടുന്നത് പലപ്പോഴും വളരെ വൈകിയാണ് അറിയുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് മറ്റ് റോഡുകളെ ആശ്രയിക്കുകയാണ് പ്രദേശവാസികൾ. സഹികെട്ട് നാട്ടുകാർ ഒത്തുകൂടി റോഡ് നന്നാക്കിയെങ്കിലും ശക്തമായ മഴയിൽ ചെളികെട്ടിക്കിടന്ന് വീണ്ടും പഴയ സ്ഥിതിയായി. 50ൽ അധികം കുടുംബങ്ങളുടെ ആശ്രയമായ റോഡ് അധികൃതർ ഇടപെട്ട് അടിയന്തരമായി നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.
..............................
നിരവധി തവണ പഞ്ചായത്തിന് അപേക്ഷ നല്കിയിട്ടും കാര്യമായി പ്രയോജനമുണ്ടായില്ല. സ്വന്തം നിലയ്ക്ക് റോഡ് നന്നാക്കുകയാണ് നിലവിൽ പ്രദേശവാസികൾ.
ആദർശ്
(സ്ഥലവാസി)
,............................
-മെഴുവേലി പഞ്ചായത്തിലെ 12-ാം
വാർഡിൽപ്പെടുന്ന റോഡ്
-അപകടങ്ങൾ പതിവ്
- 50 കുടുംബങ്ങൾക്ക് ആശ്രയം
.....................................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |