കോഴിക്കോട് : കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസ് അന്വേഷണം വിജിലൻസിന് കൈമാറാനുള്ള നീക്കം അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുമോയെന്ന് ആശങ്ക. സമഗ്രാന്വേഷണം ലക്ഷ്യമിട്ടാണ് വിജിലൻസിന് കേസ് കൈമാറണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് മേധാവി ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകിയതെങ്കിലും, അന്വേഷണം പാതി വഴിയിൽ നിൽക്കെ അന്വേഷണസംഘം മാറുന്നതിലാണ് ആശങ്കയുള്ളത്.
കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ഫറോക്ക് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. വളരെ വേഗത്തിൽ തന്നെ ഒരു കേസിൽ രണ്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥരെയും ഒരു വിരമിച്ച ഉദ്യോഗസ്ഥനെയും ഇടനിലക്കാരെയും കെട്ടിട ഉടമയെയും പിടികൂടിയിരുന്നു. ഉദ്യോഗസ്ഥരെ കോർപ്പറേഷൻ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി.
ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി കെട്ടിട നമ്പർ നൽകിയെന്നായിരുന്നു പരാതിയെങ്കിലും കൂടുതൽ കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ കെട്ടിടനമ്പർ കിട്ടിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എങ്കിലും മറ്റ് കേസുകളിലക്ക് അന്വേഷണം നീങ്ങിയിട്ടില്ല. സഞ്ചയ സോഫ്റ്റ് വെയറിലെ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. കൂടുതൽ കേസ് വരുമ്പോൾ അന്വേഷിക്കാനുള്ള പരിമിതി ചൂണ്ടിക്കാണിച്ചാണ് ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകിയത്. അന്വേഷണസംഘവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
@ അഴിമതി നിരോധന നിയമം കൂടി ചുമത്തും
തട്ടിപ്പുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ നിയമം ചുമത്തുന്നതോടെ കൂടുതൽ സമഗ്രമായി അന്വേഷിക്കാൻ വിജിലൻസിന് സാധിക്കുമെന്നാണ് കരുതുന്നത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായും ഓഫീസ് ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ പദവിയും ഓഫീസും ദുരുപയോഗിച്ച് ജീവനക്കാർ നേട്ടമുണ്ടാക്കിയെന്ന് വ്യക്തമായതിനാൽ പ്രതികൾക്ക് അഴിമതി നിരോധ നിയമ വകുപ്പുകൾ ചുമത്തും. ഇതോടെ കേസ് വിജിലൻസ് പ്രത്യേക കോടതിയുടെ പരിഗണനയിലേക്ക് മാറും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും പ്രത്യേക കോടതിയുമാവും പിന്നെ കേസ് കൈകാര്യം ചെയ്യുക. സി.ഐയോ അതിന് മുകളിലോ ഉള്ളയാൾ അന്വേഷിച്ചാൽ മതിയെങ്കിലും സമഗ്രമായ അന്വേഷണത്തിന് വിജിലൻസിനെ ഏൽപ്പിക്കുന്നതാണ് നല്ലതെന്നാണ് വിലയിരുത്തൽ.
@ വിജിലൻസ് പ്രാഥമിക പരിശേധന നേരത്തെ നടത്തി
കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളുണ്ടായ പശ്ചാത്തലത്തിൽ വിജിലൻസ് കഴിഞ്ഞ 27ന് കോർപ്പറേഷൻ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയ റവന്യു വിഭാഗത്തിലാണ് പരിശോധന നടന്നത്. കോഴിക്കോട് യൂണിറ്റ് സി.ഐ. ഉല്ലാസ് കുമാറിന്റെ നേൃത്വത്തിലായിരുന്നു പ്രാഥമിക പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസിനും പരാതി ലഭിച്ചിട്ടുണ്ട്.