തൃശൂർ : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന് തുടക്കം. നാടെങ്ങും വീടുകൾ, സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദേശ ഭക്തി ഗാനമത്സരം, ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഉയർത്തിയ കൊടികൾ നാളെ താഴ്ത്തിയാൽ മതി. കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വിവിധ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും പതാക ഉയർത്തി. വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ വഴി വീടുകളിലേക്ക് ദേശീയ പതാക നൽകിയിരുന്നു. ഖാദി ബോർഡും കൂടുതൽ പതാകയെത്തിച്ചിരുന്നു. നാളെ നാടെങ്ങും വിപുലമായ ആഘോഷം നടക്കും. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരേഡിൽ മന്ത്രി കെ.രാധാകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും.
കേരള വികസന സെമിനാർ
തൃശൂർ : സി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളുടെ ഭാഗമായി സി.അച്യുതമേനോന്റെ സ്മൃതിദിനമായ 16ന് 'കേരള മോഡൽ വികസനവും സി.അച്യുതമേനോനും' വിഷയത്തിൽ ടൗൺഹാളിൽ കേരള വികസന സെമിനാർ നടത്തും. രാവിലെ 10ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, ടി.എം.തോമസ് ഐസക് എന്നിവർ പ്രഭാഷണം നടത്തും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ.ജയദേവൻ അദ്ധ്യക്ഷത വഹിക്കുമെന്ന് പി.ബാലചന്ദ്രൻ എം.എൽ.എ, സംഘാടക സമിതി ഭാരവാഹികളായ വി.എസ്.സുനിൽകുമാർ, ടി.ആർ.രമേഷ്കുമാർ, സി.പി.ഐ തൃശൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.ബി.സുമേഷ് എന്നിവർ പറഞ്ഞു.
കളക്ടറുടെ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
തൃശൂർ: ബിരുദധാരികളായ യുവതീ യുവാക്കൾക്ക് കളക്ടറുടെ കീഴിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും അവസരം ലഭിക്കും. പ്രതിഭാധനരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായവർക്ക് തങ്ങളുടെ കഴിവ് ഇഷ്ടപ്പെട്ട മേഖലകളിൽ വിനിയോഗിക്കാം.
പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്താനും അവസരമുണ്ട്. സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ പറ്റുന്ന അവസരം കൂടിയാണിത്. നാല് മാസമാണ് കാലാവധി. സ്റ്റൈപ്പന്റ് ഇല്ല. സർട്ടിഫിക്കറ്റ് നൽകും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായം 30ൽ താഴെ. സർക്കാർ ജീവനക്കാർക്ക് അവസരമില്ല. താത്പര്യമുള്ളവർ ബയോഡാറ്റയ്ക്കൊപ്പം പ്രോഗ്രാമിന്റെ ഭാഗമാകാനുള്ള പ്രചോദനത്തെ കുറിച്ചും ജില്ല നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികൾ, അവയുടെ കാരണങ്ങൾ, പരിഹാരങ്ങൾ എന്നിവയെ കുറിച്ചും 250 വാക്കിൽ കുറയാത്ത കുറിപ്പുകൾ സഹിതം 25നകം dcipthrissur@gmail.comൽ അപേക്ഷിക്കണം. ഫോൺ: 9074781057.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |