കണ്ണൂർ:അക്കാഡമിക് മര്യാദകൾ ലംഘിച്ച് വൈസ് ചാൻസലറെ അധിക്ഷേപിക്കുകയും സർവകലാശാല നടപടിക്രമങ്ങളിൽ ഇടപെടുകയും ചെയ്യുന്ന നിലപാട് ഗവർണർ തിരുത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സംരക്ഷണ സമിതി ഇന്ന് സർവകലാശാല സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും.
എസ്.എഫ്.ഐ, എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി, കെ.യു.ടി.സി, കെ.യു.ഇ.യു, കെ.എൻ.ടി.ഇ, എസ്.എഫ്.സി.ടി.എസ്.എ എന്നീ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.വൈകീട്ട് 3.30ന് എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. സിൻഡിക്കറ്റ് അംഗം എൻ .സുകന്യ മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ താറടിച്ച് കാണിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരിക്കുന്ന പദവിക്ക് യോജിച്ച മാന്യത കാണിക്കണമെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി .പത്മനാഭൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചാൻസലറെ ക്രിമിനൽ എന്ന് വിളിച്ചത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എ.കെ.പി.സി.ടി.എ സംസ്ഥാനസെക്രട്ടറി എ .നിശാന്ത്, എ.കെ.ജി.സി.ടി സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. പി. എച്ച് ഷാനവാസ്, കെ.യു.ടി.സി പ്രസിഡന്റ് ഡോ. ആർ. കെ സുനിൽ കുമാർ,കെ.എൻ.ടി.ഇ.ഒ പ്രത്യുഷ് പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |