ചാലക്കുടി: നഗരസഭ ജംഗ്ഷനിൽ അപകട മരണങ്ങൾ തുടർക്കഥയാകുമ്പോൾ കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം എങ്ങുമെത്താത കിടക്കുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. മുൻ എം.എൽ.എ ബി.ഡി. ദേവസി ധർണഉദ്ഘാടനം ചെയ്തു. സി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അനിൽ കദളിക്കാടൻ അദ്ധ്യക്ഷനായി. ഡെന്നീസ് കെ.ആന്റണി, പോളി ഡേവിസ്, കെ.എസ്. അശോകൻ, ടി.പി. ജോണി, എ.എൽ. കൊച്ചപ്പൻ, പോൾ പുല്ലൻ, സി.എസ്. സുരേഷ്, ജോർജ് ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.
ദേശാഭിമാനി നാടകോത്സവം
പറപ്പൂർ: എടക്കളത്തൂർ ദേശാഭിമാനി കലാകായിക സംസ്കാരിക വേദി & പബ്ലിക് ലൈബ്രറി അന്നകര കളത്തിപ്പറമ്പിൽ മാധവൻ സ്മരണാർത്ഥം ഒരുക്കിയ കേരള സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. നാടക പ്രവർത്തകരായ ശിവജി ഗുരുവായൂർ, വൽസൻ നിസരി, രാജേഷ് ഇരുളം, വിജയൻ ചാത്തന്നൂർ, ഹേമന്ത് കുമാർ, മുരളി പയ്യന്നൂർ, ബിജു ആനന്ദ്, പ്രിൻസ്, മരിയ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി സംസാരിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനവും വിദ്യാർത്ഥി നേതാവ് ഹസൻ മുബാറക് പ്രഭാഷണവും നടത്തി. പ്രൊഫ. വി.എസ്. മാധവൻ അദ്ധ്യക്ഷത വഹിച്ചു.
ഗണേശ വിഗ്രഹങ്ങൾക്ക് സ്വീകരണം
ചെറുതുരുത്തി: വള്ളത്തോൾ നഗർ, പാഞ്ഞാൾ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം പ്രദേശങ്ങളിൽ നിന്ന് 20 ഓളം ഗണേശ വിഗ്രഹങ്ങൾക്ക് ചെറുതുരുത്തി ഗണപതി ക്ഷേത്ര പരിസരത്ത് സ്വീകരണം നൽകി. ഗണേശോത്സവം സെപ്തംബർ 4ന് ഇരുപതോളം സ്ഥലങ്ങളിലെ 7 ദിവസത്തെ പൂജയ്ക്ക് ശേഷം 4 മണിക്ക് ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്ര മൈതാനിയിൽ എത്തിച്ചേരും. തുടർന്ന് ഹിന്ദു മഹാസമ്മേളനം പ്രശസ്ത സിനിമാതാരം സന്തോഷ് നായർ ഉദ്ഘാടനം ചെയ്യും. 5.30ന് നിമഞ്ജന ഘോഷയാത്ര ചെറുതുരുത്തി സെന്ററിലൂടെ സഞ്ചരിച്ച് ഷൊർണൂർ ശാന്തിതീരം കടവിൽ ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |