തൃശൂർ : ഇടതുമുന്നണി പ്രകടന പത്രികയിലൂടെ നൽകിയ ഉറപ്പാണ് പെൻഷൻ പദ്ധതി പിൻവലിക്കുമെന്നതിനാൽ ഈ വിഷയത്തിൽ പുനരാലോചനയുടേയോ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളുടെയോ ആവശ്യമില്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതേ ആവശ്യമുയർത്തി ഒക്ടോബർ 26 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായാണ് സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചത്. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.എ.ശിവൻ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ഡോ.വി.എം.ഹാരിസ്, കെ.എസ് ഭരതരാജൻ മാസ്റ്റർ, നരേഷ്കുമാർ കുന്നിയൂർ, എം എസ് സുഗൈതകുമാരി തുടങ്ങിയവർ സംസാരിച്ചു.
വിനായക ചതുർത്ഥിക്ക്
നാടെങ്ങും ആഘോഷം
തൃശൂർ: വിനായക ചതുർത്ഥി ദിനമായ ഇന്ന് ഗണപതി ക്ഷേത്രങ്ങളിലും താത്കാലിക ഉത്സവ കേന്ദ്രങ്ങളിലും ആഘോഷം തുടങ്ങി. പൂജയ്ക്ക് ശേഷം ഇന്നും നാളെയുമായി ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യും. തൃശൂർ നടുവിലാൽ ഗണേശോത്സവ പന്തലിൽ വിഗ്രഹപ്രതിഷ്ഠ നടത്തി. ഇവിടെ ഇന്ന് വൈകിട്ട് നിമജ്ജന ഘോഷയാത്ര നടത്തും. പൂങ്കുന്നത്ത് വിശ്വഹിന്ദു പരിഷത്തും ബജ്#റംഗദളും ചേർന്ന് രമാദേവി മന്ദിര പരിസരത്ത് ആഘോഷം നടത്തും. ഇവിടെ പൂജിക്കുന്ന വിഗ്രഹം ഇന്ന് വൈകിട്ട് 6ന് ചാവക്കാട് കടലിലാണ് നിമജ്ജനം ചെയ്യുക. പൂങ്കുന്നം ശിവക്ഷേത്ര പരിസരത്തെ ഗണേശോത്സവ വിഗ്രഹം വ്യാഴാഴ്ച വൈകിട്ട് 6ന് പുഴയ്ക്കലിൽ നിമജ്ജനം ചെയ്യും. തിരുവമ്പാടി ഗണപതി ക്ഷേത്രത്തിലും ഗണേശോത്സവം ആഘോഷിക്കും.
ഗുരുദർശന പുരസ്കാരം
ഡോ.സി.ആർ.സന്തോഷിന്
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണ സമാജത്തിന്റെ ഗുരുദർശന പുരസ്കാരത്തിന് ഡോ.സി.ആർ.സന്തോഷ് തെരഞ്ഞെടുക്കപ്പെട്ടതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ.സന്തോഷ് കുമാർ രചിച്ച് ദൈവദശകം ഗുരുവിന്റെ മഹായാനം എന്ന പുസ്തകമാണ് അവാർഡിനായി തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ഉൾപ്പെടുന്ന പുരസ്കാരം സെപ്തംബർ 9ന് രാവിലെ 9ന് കൊടുങ്ങല്ലൂർ ശ്രീനാരായണ സമാജം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സർവകലാശാല റാങ്ക് ജേതാക്കൾ, പ്ലസ് ടു, എസ്.എസ്.എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം എന്നിവയും നടത്തും. എൻ.എം.പിയേഴ്സൺ, ആലങ്കോട് ലീലാകൃഷ്ണൻ, പൂയ്യപ്പിള്ളി തങ്കപ്പൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. പി.കെ.ശശിധരൻ, അഡ്വ.എം.ബിജുകുമാർ, എൻ.എം.പിയേഴ്സൺ, കെ.ആർ.അപ്പുകുട്ടൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജൂഡോ ലീഗ് റാങ്കിംഗ് ടൂർണമെന്റ്
തൃശൂർ: ഖേലോ ഇന്ത്യ സൗത്ത് ഇന്ത്യൻ വിമൻസ് ജൂഡോ ലീഗ് റാങ്കിംഗ് ടൂർണമെന്റ് നാളെ മുതൽ അഞ്ച് വരെ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളം, പോണ്ടിച്ചേരി, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 1200 ൽ അധികം പെൺകുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. ജൂഡോ അസോസിയേഷനും ജില്ല സ്പോർട്സ് കൗൺസിലും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ കാറ്റഗറികളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ഉദ്ഘാടനം നാളെ വൈകീട്ട് ആറിന് മേയർ എം.കെ.വർഗീസ് നിർവഹിക്കും. നാലിന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |