ജില്ലയിൽ 10000 പേർക്ക് തൊഴിൽ
നാലുവർഷം കൊണ്ട് സംസ്ഥാനത്ത് 20ലക്ഷം തൊഴിൽ
കണ്ണൂർ: മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ നൽകുന്നതിനായി തദ്ദേശസ്ഥാപന തലത്തിൽ തൊഴിൽ സഭകൾ നിലവിൽ വരുന്നു.തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം 20ന് രാവിലെ 10ന് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പതിനായിരം പേർക്ക് തൊഴിൽ ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
പിണറായി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട നാല് വാർഡുകളിലാണ് പൈലറ്റ് പദ്ധതി .നാല് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിലാണ് സർക്കാർ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തലത്തിലാണ് സഭകൾ ചേരുക. . റിസോഴ്‌സ് പേഴ്‌സൺമാരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഗ്രാമസഭകളുടെ മാതൃകയിൽ അതത് തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിക്കും. വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവർക്ക് ഇതിലൂടെ ഉറപ്പാക്കും.
കുടുംബശ്രീ സർവേയിൽ കണ്ടെത്തിയ 53 ലക്ഷം തൊഴിലന്വേഷകരെയും തൊഴിൽ സഭകളിൽ അംഗമാക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളിൽ തൊഴിലന്വേഷകരുടെ എണ്ണത്തിനനുസരിച്ച് സഭ രൂപീകരിക്കും. ഒരു സഭയിൽ പരമാവധി 200 അംഗങ്ങളുണ്ടാകും.നിശ്ചിത ഇടവേളകളിൽ തൊഴിൽ സഭ ചേർന്ന് തൊഴിൽ ലഭ്യത, സാദ്ധ്യത പരിശോധിക്കും. അംഗങ്ങളുടെ യോഗ്യത, അനുഭവം, സന്നദ്ധത ചർച്ചചെയ്ത് പ്രാദേശികമായി സമഗ്ര തൊഴിൽ പദ്ധതി തയ്യാറാക്കും. അതത് പ്രദേശങ്ങളിലെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള തൊഴിലന്വേഷകരെയും സഭകളിൽ അംഗമാക്കും.
സ്ത്രീകൾക്ക് പരിഗണന
തൊഴിൽ സഭകളിൽ സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്താൻ പ്രത്യേക പരിഗണന നൽകും. വിവാഹത്തെ തുടർന്ന് തൊഴിൽ പോയവർ, വിധവകൾ, പിരിഞ്ഞു താമസിക്കുന്നവർ തുടങ്ങിയവർക്ക് പ്രഥമപരിഗണന നൽകും. ട്രാൻസ്‌ജെൻഡർ, അംഗപരിമിതർ, ആദിവാസികൾ തുടങ്ങിയവർക്ക് തൊഴിൽ ഉറപ്പാക്കും. 20 ലക്ഷം തൊഴിൽ, ഒരു ലക്ഷം സംരംഭം തുടങ്ങി സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തൊഴിലവസരങ്ങളും തൊഴിൽ സഭയുടെ ഭാഗമാക്കും.
തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അഭിരുചി എന്നിവ പരിഗണിച്ച് അർഹമായ ജോലി നേടിക്കൊടുക്കാൻ തൊഴിൽസഭയ്ക്ക് കഴിയും.
ടി.ജെ. അരുൺ
ജോയിന്റ് ഡയറക്ടർ ,തദ്ദേശസ്വയംഭരണ വകുപ്പ്
പരിശീലനം തുടങ്ങി
കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള നോളജ് ഇക്കണോമി മിഷന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ റിസോഴ്‌സ്‌പേഴ്‌സൺമാർക്കായി തൊഴിൽ സഭ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ ഉദ്ഘാടനം ചെയ്തു.കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ ടി ജെ അരുൺ അദ്ധ്യക്ഷത വഹിച്ചു. നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |