തൃശൂർ: മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പൊലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾക്ക് 6952 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും.
ജില്ലയിലെ 38 സ്കൂളുകളിലെ എസ്.പി.സികളെയാണ് രംഗത്തിറക്കുക. സംസ്ഥാനത്ത് ആകെ 88,000 കേഡറ്റുകളാണ് രംഗത്തിറങ്ങുക. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്തുക, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം വിപുലീകരിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിന്റെ സ്വാധീനം സംബന്ധിച്ച വിവരമടക്കം കേഡറ്റുകൾ വഴി ശേഖരിക്കും.
എട്ട്, ഒൻപത് ക്ളാസുകളിലുള്ളവരാണ് സ്റ്റുഡന്റ് കേഡറ്റുകൾ. രണ്ട് ക്ളാസുകൾ ചേർന്ന ബാച്ചിൽ ശരാശരി 88 പേർ വീതമുണ്ടാകും. എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളിലും കേഡറ്റുകളുടെ ബാച്ച് രൂപീകരിച്ചിട്ടുണ്ട്. സിറ്റി പൊലീസിന് കീഴിൽ 3344 കേഡറ്റുകളും റൂറലിന് കീഴിൽ 3608 കേഡറ്റുകളുമുണ്ട്. ഒരു അദ്ധ്യാപകനെയും എല്ലാ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കും. ഇത്തരം അദ്ധ്യാപകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും.
യോദ്ധാവ് എന്നറിയപ്പെടുന്ന ഇത്തരം അദ്ധ്യാപകരുടെ യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കും. നർക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി ആയിരിക്കും നോഡൽ ഓഫീസർ. മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ മുതലായവരും പദ്ധതിയുടെ ഭാഗമാകും.
വകുപ്പുകൾ
വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം
ഡാറ്റാബേസ് തയ്യാറാക്കും
സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയതെങ്കിലും പൊലീസ് ഇടപെടലും ശക്തമാകും. മയക്കുമരുന്ന് കേസിൽപെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കി എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ലഭ്യമാക്കും. ജനമൈത്രി വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം നൽകും. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള ബോധവത്കരണ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കും. ബസ്, ട്രെയിൻ മറ്റുവാഹനങ്ങൾ എന്നിവയിലൂടെ മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താനായി പൊലീസ് നായ്ക്കളെ ഉപയോഗിക്കും.
ജനമൈത്രി പൊലീസിന്റെ സഹായത്തോടെ റസിഡൻസ് അസോസിയേഷനുകളിൽ ആന്റി നർക്കോട്ടിക് ക്ലബുകൾ രൂപീകരിക്കും. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയുമുള്ള ബോധവത്കരണത്തിനായി ലഘു ചിത്രങ്ങളും വീഡിയോയും നിർമ്മിക്കും. സൈക്കിൾ റാലി, വാക്കത്തോൺ, മാരത്തോൺ എന്നിവയിലൂടെയും ബോധവത്കരണം നടത്തും. വിവിധ സന്നദ്ധസംഘടനകൾ, ഐ.എം.എ മുതലായവയുടെ സഹകരണവും ഇതിനായി തേടും.
ഹെൽപ്പ് ലൈൻ
മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കുവെക്കാനായി ഹെൽപ്പ് ലൈൻ നമ്പർ: 99 95 96 66 66 (വാട്സ് ആപ്പ് മാത്രം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |