കൊച്ചി: കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ എറണാകുളം ജില്ല ഒരുങ്ങി. ബുധനാഴ്ച ജില്ലയിൽ പ്രവേശിക്കുന്ന യാത്രയുടെ പ്രചാരണത്തിന് ഇന്ന് ജില്ലയിലാകെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളംബര യാത്രകൾ സംഘടിപ്പിക്കും.
ആലപ്പുഴ ജില്ലയിലെ യാത്ര അവസാനിച്ച് ചൊവ്വാഴ്ച രാത്രി യാത്രയിലെ അംഗങ്ങൾ പനങ്ങാട് ഫിഷറീസ് സർവകലാശാല വളപ്പിൽ ഒരുക്കുന്ന കേന്ദ്രത്തിൽ വിശ്രമിക്കും.കണ്ടെയ്നർ വീടുകളിലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ ജാഥാംഗങ്ങൾ താമസിക്കുന്നത്. ബുധനാഴ്ച രാവിലെ ഏഴിന് ആരംഭിക്കുന്ന ജില്ലയിലെ പര്യടനം വ്യാഴാഴ്ച ഉച്ചയ്ക്ക് കൊരട്ടി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പൂർത്തിയാകും.
യാത്ര കടന്നുപോകുന്ന ദേശീയപാത കോൺഗ്രസ് പതാകകളും തോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ചു. യാത്ര വിജയകരമാക്കാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കെ.പി.സി.സി. സംസ്ക്കാര സാഹിതി എറണാകുളം ജില്ലാ കമ്മിറ്റി വൈറ്റിലയിൽ വിളംബര ചിത്രരചന നടത്തി. ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി വൈക്കം എം.കെ ഷിബു കുമാർ ഉദ്ഘാടനം ചെയ്തു.
യാത്ര ഇങ്ങനെ
21 ബുധൻ
രാവിലെ 7 : കുമ്പളം ടോൾ പ്ളാസയിൽ തുടക്കം
രാവിലെ 11.30 : ഇടപ്പള്ളി ജംഗ്ഷനിലെത്തും
തുടർന്ന് ഇടപ്പള്ളി പാരിഷ് ഹാളിൽ വിശ്രമം
ഉച്ചയ്ക്ക് 3.30 : ഇടപ്പള്ളി ടോളിൽ യാത്ര തുടക്കം
രാത്രി 7.30 : ആലുവയിൽ സമാപനം
22 വ്യാഴം
രാവിലെ 7 : ആലുവ ദേശം കവലയിൽ നിന്ന് തുടക്കം
11.30 : അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ സമാപനം
തുടർന്ന് ഉച്ചവിശ്രമം
ഉച്ചയ്ക്ക് 3 : കൊരട്ടിയിൽ നിന്ന് തൃശൂരിലെ യാത്ര തുടക്കം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |