ചേർപ്പ്: തായംകുളങ്ങരയിൽ മോഷണം പോയ ആഢംബര കാറുമായി നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് കല്ലട കുളങ്ങര വീട്ടിൽ ജെയ്നു (40), ഏഴുകോൺ പ്ലങ്കാല വീട്ടിൽ വിഷ്ണുപ്രസാദ് (26), മുളവന പുഷ്പ നിവാസിൽ സിജു (31), ഏഴുകോൺ കല്ലുമൂട്ടിൽ പേഴ്സി (23) എന്നിവരാണ് പിടിയിലായത്. തായംകുളങ്ങര ഫോറസ് വില്ലയിൽ പൂക്കോടൻ മനോജിന്റെ വീട്ടിലെ കാർ ഷെഡിൽ പാർക്ക് ചെയ്തിരുന്ന 13.25 ലക്ഷം വിലമതിക്കുന്ന വൈറ്റ് ആഡി ക്യൂ ത്രി ആഢംബര കാറാണ് മോഷ്ടിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാർ മോഷണം പോയത്. തുടർന്ന് കാറുടമ ചേർപ്പ് പൊലീസിൽ പരാതി നൽകി. ചേർപ്പ് സി.ഐ ടി.വി.ഷിബു, വല്ലപ്പാട് സി.ഐ സുശാന്ത്, സബ് ഇൻസ്പെക്ടർമാരായ ജെ.ജെയ്സൺ, പ്രദീപൻ എന്നിവർ സംഘം ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. പ്രതികളെ നാട്ടിക ബീച്ചിലെ യന്ത്ര റിസോർട്ടിൽ നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രാത്രി വില്ലയിൽ നിന്ന് കാർ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പരിസരത്തെ സി.സി.ടി.വി കാമറയിൽ നിന്ന് കണ്ടെത്തി. മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത് പൊലീസിന് നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |