തൃശൂർ: വിവിധ മേഖലകളിൽ കേരളം മുന്നേറുമ്പോഴും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും വിപണനവും കൂടുന്നതിന്റെ തെളിവാണ് സമീപകാലത്ത് വർദ്ധിച്ച കുറ്റകൃത്യങ്ങളെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യം പരിശോധിക്കണം. തിന്മയിലേക്ക് സഞ്ചരിക്കുന്നവരുടെ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ബാദ്ധ്യത എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ അദ്ധ്യക്ഷത വഹിച്ചു. സി ബ്രാഞ്ച് അസി.കമ്മിഷണർ കെ.എ.തോമസ്, സ്കൂൾ പ്രിൻസിപ്പൽ ഫാ.സണ്ണി പുന്നേലിപ്പറമ്പിൽ, എസ്.ഐ പ്രദീപ്, ഇന്ദനീൽ മേനോൻ, ലിജിമോൾ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ പി.പി.സുരേഷ്കുമാർ ക്ളാസെടുത്തു.
കെ ഫോൺ അവലോകന യോഗം
കുന്നംകുളം: കെ ഫോൺ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ എ.സി.മൊയ്തീൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊതുവിഭാഗം, സംവരണം എന്നിങ്ങനെ തരംതിരിച്ച് ഗുണഭോക്തൃപ്പട്ടിക തയ്യാറാക്കും. സർക്കാർ ഓഫീസിലും സ്കൂളിലും ഫോൺ ലഭ്യത ഉറപ്പാക്കും. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
നാഷണൽ അപ്രെന്റിസ്ഷിപ്പ് മേള
തൃശൂർ: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള വ്യവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രെന്റീസ്ഷിപ്പ് മേള നടത്തി. പഠനത്തോടൊപ്പം സമ്പാദ്യം എന്ന ലക്ഷ്യത്തോടെ നടത്തിയ മേളയിൽ 308 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിയാണ് മേള നടത്തിയത്. പൊതുമേഖല, സ്വകാര്യ മേഖലകളിൽ നിന്നായി 15 സ്ഥാപനങ്ങൾ മേളയുടെ ഭാഗമായി. തൃശൂർ, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലും ഒരേസമയം മേള നടന്നു. നാഷണൽ അപ്രന്റിസ് ആക്ട് 1961 പ്രകാരമുള്ള അപ്രന്റീസ് പരിശീലന പദ്ധതിയുടെ ശാക്തീകരണത്തിന്റെയും വിപുലീകരണത്തിന്റെയും ഭാഗമായാണ് മേള നടത്തിയത്. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ആർ.ഐ സെന്റർ ട്രെയിനിംഗ് ഓഫീസർ പി.കെ.സുധ, അഡിഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് പി.പി.സിംഗ് (എൻ.എസ്.ടി.ഐ, നാഷണൽ അപ്രന്റിസ് പ്രൊമോഷൻ സ്കീം, കോഴിക്കോട്) എന്നിവർ മേളയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |