കുറ്റ്യാടി: സാമ്പത്തികനയത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ നയങ്ങളാണ് പിന്തുടരുന്നതെന്ന് സി.ഐ. ടി. യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി. മനുഷ്യരാശിയുടെ മുന്നേറ്റത്തിന് മോചനം നൽകാൻ കഴിയാത്ത മുതലാളിത്വത്തിനെതിരെ പോരാടി മാനവരാശിയെ മോചിപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിൽ നടന്ന സി.ഐ.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദാരവൽക്കരണവും വർഗീയതയുമാണ് ഇന്ത്യയിൽ വളരുന്നത്. ഗവർണർപദവിയെ കേരള ഗവർണർ അപമാനിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തകർക്കാൻ കോൺഗ്രസ് ബി.ജെ.പിയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും പിന്നാലെ നടക്കുകയാണ്. വർഗീയതയ്ക്കെതിരെ വർഗത്തിന്റെ ഐക്യം കെട്ടിപ്പടുക്കുകയാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും എളമരം പറഞ്ഞു. സമ്മേളന നഗരിയിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ പതാകയുയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മാമ്പറ്റ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. പി.കെ മുകുന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ പ്രേംനാഥ് രക്തസാക്ഷി പ്രമേയവും, പി.കെ.സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.കെ.മമ്മു, സംസ്ഥാന ഭാരവാഹികളായ എ.കെ.ബാലൻ, ടി.കെ രാമകൃഷ്ണൻ, കെ.പി.സഹദേവൻ, ടി.കെ രാജൻ, കൂട്ടായി ബഷീർ, പി.പി പ്രേമ എന്നിവർ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം എളമരംകരീം എം പി ഉദ്ഘാടനം ചെയ്യും, സംസ്ഥാന ഭാരവാഹികളായ എ.കെ ബാലൻ, കെ.പി സഹദേവൻ, ടി.പി രാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |