തൃശൂർ: കൊവിഡിന് ശേഷം റെയിൽവേ ഗതാഗതം സാധാരണനിലയിലായപ്പോൾ വിപുലമായ സൗകര്യങ്ങളുമായി 'യു.ടി.എസ് ഓൺ മൊബൈൽ' എന്ന ടിക്കറ്റിംഗ് ആപ്പ് റെയിൽവേ പരിഷ്കരിച്ചു. റിസർവേഷൻ ഇല്ലാത്ത സാധാരണ യാത്രാ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സ്ഥിരം യാത്രക്കാരുടെ സീസൺ ടിക്കറ്റും ഇതിലൂടെ സ്വയം എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേർന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിലെ വലിയ വരികൾ കാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ഈ ആപ്പ് സഹായിക്കും.
റെയിൽവേപ്പാതയിൽ നിന്നും 20 മീറ്റർ ദൂരത്തിനുള്ളിൽ വന്നാൽ ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം സ്റ്റേഷനിൽ എത്തിയശേഷം ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ പറ്റിയിരുന്നില്ല. ഇതിനുള്ള പരിഹാരമാണ് റെയിൽവേ കൊണ്ടുവരുന്നത്. സ്റ്റേഷനുകളിൽ പതിച്ചിട്ടുള്ള ക്യു.ആർ കോഡ്, ആപ്പിലൂടെ സ്കാൻ ചെയ്താൽ സ്റ്റേഷനിൽ നിന്നുള്ള ടിക്കറ്റ് പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിന് മുമ്പേ എടുക്കാൻ കഴിയും.
റെയിൽവേ മന്ത്രാലയത്തിന് കീഴിൽ, ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'സെന്റർ ഫൊർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഈ അപ്ലിക്കേഷൻ വികസിപ്പിക്കുകയും നിരന്തരം നവീകരിക്കുകയും ചെയ്യുന്നത്.
ടിക്കറ്റെടുക്കാൻ
സ്റ്റേഷനിൽ എത്തിയശേഷം ടിക്കറ്റ് എടുക്കുന്നതിന്, ആപ്പിലുള്ള 'ക്യു.ആർ ബുക്കിംഗ്' എന്ന ഓപ്ഷൻ ഉപയോഗിക്കണം. യാത്ര ടിക്കറ്റാണോ പ്ലാറ്റ്ഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യു.ആർ കോഡ്, ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യണം. അപ്പോൾ ആപ്പിന്റെ ജിയോ ഫെൻസിംഗ് ഭേദിച്ച് യാത്രികന് ആ സ്റ്റേഷന്റെ പേര് കിട്ടും. തുടർന്ന് പഴയപോലെ ടിക്കറ്റ് എടുക്കാം.
ഈ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർ പരിശോധന സമയത്തു് മൊബൈൽ ഫോണിൽ ടിക്കറ്റ് കാണിച്ചാൽ മതി. അതിന് നെറ്റ് കണക്ഷൻ ആവശ്യമില്ല. പേപ്പർ ടിക്കറ്റ് തന്നെ വേണമെന്നുള്ളവർക്ക്, ടിക്കറ്റിന്റെ നമ്പർ നൽകി സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷിനിൽ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്തെടുക്കാം.
റിസർവേഷൻ ടിക്കറ്റ് എടുക്കാനാവില്ല
ആപ്പ് ഉപയോഗിച്ച് റിസർവേഷൻ ടിക്കറ്റുകൾ എടുക്കാനാകില്ല. സീസൺ ടിക്കറ്റ് എടുക്കുമ്പോൾ പിറ്റേ ദിവസത്തെ യാത്ര മുതലാണ് അനുവദനീയമായിട്ടുള്ളത്. യഥാർത്ഥ ടിക്കറ്റ് നിരക്ക് മാത്രം നൽകിയാൽ മതി. മറ്റ് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ലാ എന്നതാണ് യു.ടി.എസ് ഓൺ മൊബൈൽ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത.
പണം അടയ്ക്കുന്നതിങ്ങനെ:
ആപ്പിലുള്ള റെയിൽ വാലറ്റിൽ മുൻകൂർ പണം നിക്ഷേപിച്ചോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യു.പി.ഐ, പേയ്മെന്റ് വാലറ്റുകൾ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാം. റെയിൽ വാലറ്റിൽ നിക്ഷേപിക്കുന്ന മുൻകൂർ തുകയ്ക്ക് നിലവിൽ മൂന്ന് ശതമാനം ബോണസ് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |