SignIn
Kerala Kaumudi Online
Thursday, 19 September 2024 2.55 AM IST

റേഷൻകാർഡിലെ അപാകത മാറ്റാൻ ഒരു സർവേ എന്നുവരും...! അർഹതപ്പെട്ടവർ പുറത്തും അനർഹർ അകത്തും 

Increase Font Size Decrease Font Size Print Page
ration

കോഴിക്കോട്: റേഷൻ കാർഡുകളിലെ മുന്നാക്ക-പിന്നാക്ക മാനദണ്ഡം ശാസ്ത്രീയമായി പുതുക്കാത്തതിനെതിരെ ആക്ഷേപം ശക്തം. കാലമേറെ മാറിയിട്ടും 16 വർഷം മുമ്പത്തെ മാനദണ്ഡത്തിലാണ് ഇപ്പോഴും ഭക്ഷ്യധാന്യവിതരണം. ബി.പി.എൽ, എ.പി.എൽ മാനദണ്ഡത്തിലെ അശാസ്ത്രീയത പലതവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ പരിഗണിക്കുന്നില്ലെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു. അതിദരിദ്ര വിഭാഗത്തിലെ ബി.പി.എല്ലുകാർക്ക് കിട്ടുന്ന അരി റേഷൻ കടയ്ക്ക് മുന്നിൽവെച്ചുതന്നെ മറിച്ചു വിൽക്കുമ്പോഴും പരിശോധനകളോ മാനദണ്ഡം തിരുത്തലോ നടത്താത്തത് അർഹതപ്പെട്ട ലക്ഷക്കണക്കായ ജനവിഭാഗങ്ങളോട് കാണിക്കുന്ന അനീതിയാണെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി പറഞ്ഞു.

2006ലാണ് സർവേ നടത്തി മുന്നാക്ക പിന്നാക്ക പട്ടിക തയാറാക്കുന്നത്. ഇത് 2009ൽ നിലവിൽ വന്നു. അതിനുശേഷം പിന്നീടങ്ങോട്ട് സത്യവാങ്മൂലമാണ്. ശരിയായ രീതിയിൽ ഒരു സർവേയും നടന്നില്ല. 24 മണിക്കൂർകൊണ്ട് ഓൺലൈനിലൂടെ കാർഡുകൾ വിതരണംചെയ്തു, എല്ലാം വിരൽതുമ്പിലായി. എന്നിട്ടും ശാസ്ത്രീയമായി ഒരുപഠനം നടന്നില്ലെന്നത് സാക്ഷരകേരളത്തിന് അപഹാസ്യമാണെന്നാണ് ആക്ഷേപം.

പതിനാറ് വർഷം മുമ്പ് സാമ്പത്തികമായി പിന്നാക്കമായിരുന്ന നല്ലൊരു ശതമാനം പേരുടെയും നില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ജോലികൾ നേടിയവരും കച്ചവടത്തിലൂടെ സാമ്പത്തിക നില മെച്ചപ്പെട്ടവരുമൊക്കെ ഇഷ്ടം പോലെയുണ്ട്. എന്നിട്ടും ഇവരൊക്കെ ബി.പി.എൽ ആയി തുടരുകയാണ്. മഞ്ഞകാർഡുകാർക്ക് ഒരാളാണെങ്കിൽപോലും 35കിലോ അരിയുണ്ട്. കൂടെ പ്രധാനമന്ത്രിയുടെ പദ്ധതിയിൽ നിന്നുള്ള അഞ്ചുകിലോ വേറെയും. എട്ടുപേരുള്ള കുടുംബമാണെങ്കിൽ 75കിലോ അരി ലഭിക്കും. തീരദേശങ്ങളിലൊക്കെ 100കിലോവരെ അരി ലഭിക്കുന്ന കുടുംബങ്ങളുണ്ട്.

അശാസ്ത്രീയമായ മാർക്കിംഗ്

മുൻഗണനാ വിഭാഗമായി പരിഗണിക്കാൻ 30 മാർക്കാണ് ആകെ വേണ്ടത്. ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവരാണെങ്കിൽ 20 മാർക്ക് ലഭിക്കും. ബാക്കി 10 മാർക്ക് ലഭിക്കാൻ വലിയ ബുദ്ധിമുട്ടില്ല. കൃഷിപ്പണി, കൂലിപ്പണി എന്നിവ ചെയ്യുന്നവർക്ക് 5 മാർക്ക് നൽകുന്നുണ്ട്. ടോയ്‌ലറ്റ് ഇല്ലാത്തവർക്കും കുടിവെളളം ഇല്ലാത്തവർക്കും 5 വീതം മാർക്ക് നൽകുന്നു. കുടുംബത്തിൽ 65 വയസിന് മുകളിലുള്ളവരുണ്ടെങ്കിൽ 5 മാർക്ക് ലഭിക്കും. ഭവന പദ്ധതി പ്രകാരം വീട് വെച്ചവർക്ക് 10 മാർക്കും നൽകുന്നു. ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവരാണെങ്കിൽ അധികമായി വേണ്ട പത്ത് മാർക്ക് ലഭിക്കാൻ വലിയ പ്രയാസമില്ലെങ്കിലും പട്ടികയ്ക്ക് പുറത്തുള്ളവർക്ക് മുൻഗണനാ ലിസ്റ്റിൽ വരിക അസാധ്യമാണ്. കൊവിഡ് മൂലവും മറ്റും ജോലി നഷ്ടപ്പെട്ട പ്രവാസികളുൾപ്പെടെയുള്ള ആയിരങ്ങൾ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ്. എന്നാൽ പട്ടികയിലില്ലാത്തതിനാൽ ഇവരൊന്നും മുൻഗണനയിൽ വരില്ല.

ശാസ്ത്രീയമായ സർവേ നടക്കണം:

റേഷൻ ഡീലേഴ്‌സ് അസോ.
കോഴിക്കോട്: നാണക്കേടാണ് ഈ ഡിജിറ്റൽ കാർഡുകളുടെ കാലത്ത് സർക്കാർ കാണിക്കുന്നതെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി. സർക്കാർ അനുവദിച്ച വീടിനുമുകളിൽ വെള്ളപ്പൊക്കകാലത്ത് രണ്ട് മുറി കൂട്ടിയെടുത്തപ്പോൾ 1000 സ്‌ക്വയർഫീറ്റിന് മുകളിലെന്ന് പറഞ്ഞ് ബി.പി.എല്ലിൽ നിന്ന് പുറത്തായവരുണ്ട്. അതേസമയം ഒരേക്കർ സ്ഥലത്ത് ചെറിയൊരു വീട്ടിലാണ് താമസമെങ്കിൽ അവർ ബി.പി.എല്ലും. വീടിന്റെ വലുപ്പം 1000സ്‌ക്വയർ ഫീറ്റെന്ന മാനദണ്ഡമെന്നതുതന്നെ ആദ്യം എടുത്തുകളയണം. ആളുകളുടെ സാമ്പത്തിക നിലയും ജീവിതസാഹചര്യവും കൃത്യമായി പരിശോധിച്ചുള്ള സർവേക്ക് സർക്കാർ തയാറാവണം. അതിനുശേഷം പുതുക്കുന്ന ലിസ്റ്റ് പ്രകാരമാവണം കാർഡ് മാനദണ്ഡം. 16 വർഷമായി സാമ്പത്തികമായി പിന്നാക്കമുള്ളവരായിരിക്കെ ബി.പി.എല്ലായവരിൽ വലിയൊരുവിഭാഗം ഇന്ന് നല്ല നിലയിലാണ്. അവരൊക്കെ മുടങ്ങാതെ അരിവാങ്ങുന്നു. പലരും ഓട്ടോയിൽവന്നിട്ട് ഒരു ചാക്ക് അരി നേരെ മറിച്ച് വിൽക്കുന്നതിന് താൻ സാക്ഷിയാണെന്നും ടി.മുഹമ്മദലി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.