പത്തനംതിട്ട : വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചനാ ശതാബ്ദിയും അഞ്ചിന് വൈകിട്ട് 4.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മുൻ എം.എൽ.എയും മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റുമായ കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും.
അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കെ.വി.സുധാകരൻ, അശോകൻ ചരുവിൽ, റവ.ഡോ.മാത്യു ഡാനിയേൽ, ഡോ.കെ.ജി.സുരേഷ് പരുമല എന്നിവർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ആറിന് രാവിലെ 10.30ന് ആശാൻ കവിതകളെ കുറിച്ചുള്ള ചർച്ച പരിപാടി സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.പി.സോമൻ, പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, ഡോ.പ്രസന്നാ രാജൻ, ഡോ.പി.ടി അനു തുടങ്ങിയവർ പ്രഭാഷണം നടത്തും. ഏഴിന് രാവിലെ 10.30ന് ആശാൻ കവിതകളെ കുറിച്ചുള്ള ചർച്ച പരിപാടി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, പ്രൊഫ. മാലൂർ മുരളീധരൻ തുടങ്ങിയവർ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |