അടൂർ : ലഹരിക്കെതിരെ ആയിരങ്ങൾ അടൂർ നഗരത്തിന് ചുറ്റും മനുഷ്യശൃംഖല തീർത്തു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ യു.ഐ.ടി സെന്ററിന് മുന്നിൽ നിന്ന് ആരംഭിച്ച് സെൻട്രൽ മൈതാനംചുറ്റി അണിനിരന്ന മനുഷ്യശൃംഖലയിൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ അയ്യായിരത്തോളം പേർ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാവിഭാഗം ജനങ്ങളെയും പങ്കാളികളാക്കി മയക്കുമരുന്നിനെതിരായ ജനകീയ യുദ്ധമാണ് നടത്തുന്നതെന്നും വലിയ പിന്തുണയും സ്വീകാര്യതയുമാണ് പരിപാടിക്ക് ലഭിക്കുന്നതെന്നും ഉദ്ഘാടനം നിർവഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ നഗരപ്രദേശങ്ങളിലെ മുഴുവൻ സ്കൂളുകളിലെയും ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ്, മാർ ക്രിസോസ്റ്റം കോളേജ്, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജ്, അടൂർ ബി.എഡ് സെന്റർ, യു.ഐ.ടി അടൂർ, സിന്ധു ഐ.ടി.സി തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും റസിഡൻസ് അസോസിയേഷനുകളും യുവജന സംഘടനകളും ശൃംഖലയിൽ അണിചേർന്നു. അടൂർ സെന്റ് മേരിസ് സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ നൃത്തം അവതരിപ്പിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു. നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. വിമുക്തി ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളിക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ.പ്രദീപ്, നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള , പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാഅനിൽ, ആർ.ഡി.ഒ തുളസീധരൻപിള്ള, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.എസ്.രേണുകാഭായ്, അടൂർ ഡിവൈ.എസ്.പി ബിനു, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിദ്യാധരൻ, ഡോ.വർഗീസ് പേരയിൽ, പ്രൊഫ.ഇട്ടി വർഗീസ്, ഏഴംകുളം അജു , അഡ്വ.എസ്.മനോജ്, നഗരസഭാ കൗൺസിലർമാരായ ആർ.മഹേഷ് കുമാർ, രമേഷ് വാരിക്കോലിൽ, അപ്സരാസനൽ, രജനി രമേഷ് , എ.അനിതാദേവി, ഫാ.ഗീവർഗീസ് ബ്ലാഹേത്ത് , ഫാ.ഡാനിയേൽ ബഥേൽ, വത്സലാ പ്രസന്നൻ, കെ.കുമാരൻ എന്നിവർ പ്രസംഗിച്ചു. ലഹരിവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ച് ലഹരിക്കെതിരെ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |