പാലാ: റോഡിന് ഒത്ത നടുവിൽ അനധികൃത കാർ പാർക്കിംഗ്. പാലാ നഗരഹൃദയത്തിലെ സംഘം ഓട്ടോ സ്റ്റാന്റ് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സെൻമാർക്ക് സൊസൈറ്റിയുടെ നീതി മെഡിക്കൽ സ്റ്റോറിന് മുന്നിലായി റോഡിന് മദ്ധ്യത്തിൽ കാർ പാർക്ക് ചെയ്തശേഷം ഡ്രൈവർ ഇറങ്ങിപ്പോകുകയായിരുന്നു. മുക്കാൽ മണിക്കൂറോളം ഈ പാർക്കിംഗ് തുടർന്നു. ഇതിനിടെ നിരവധി വാഹനങ്ങൾ ഇതുവഴി എത്തിയതോടെ റോഡിൽ കുരുക്കായി. കാറിൽ ഡ്രൈവർ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് പിന്നാലെയെത്തിയ വാഹനങ്ങളുടെ ഡ്രൈവർമാർ തുടർച്ചയായി ഹോൺ മുഴക്കി. ഇതോടെ ഈ ഭാഗത്തെ വ്യാപാരികളുടെയെല്ലാം ശ്രദ്ധ ഇങ്ങോട്ടായി. ഒടുവിൽ ട്രാഫിക് എസ്.ഐയും സംഘവും സ്ഥലത്തെത്തി. ഏരെനേരം കാത്തുനിന്നിട്ടും കാറിലെ യാത്രക്കാർ എത്തിയില്ല. തുടർന്ന് ഉടമയെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ചശേഷം പൊലീസ് ഇവരെ ഫോണിൽ വിളിച്ചു. തുടർന്ന് കാർ ഓടിച്ചുവന്ന യുവതിയും മാതാവും കാറിനടുത്തേക്ക് വന്നു. കെ.എൽ.35 എച്ച് 311 നമ്പർ കാറാണ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് റോഡിന് ഒത്തനടുവിൽ പാർക്കു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വാഹനമോടിച്ചിരുന്ന യുവതിയെ താക്കീത് ചെയ്ത് വിട്ടയച്ചതായി പാലാ ട്രാഫിക് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |