കോഴിക്കോട്: പുഴുക്കലരിയാണ് പ്രിയമെങ്കിലും പച്ചരിച്ചോറുണ്ണാൻ ശീലിക്കുകയാണിപ്പോൾ സാധാരണക്കാർ. പൊതുവിപണിയിൽ അരിവില ഉയർന്ന് നിൽക്കുന്നതിനൊപ്പം റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നത് പച്ചരി കൂടിയായതോടെയാണ് സാധാരണക്കാരന്റെ ഭക്ഷണ ശീലത്തിലെ ഈ മാറ്റം.
കുതിച്ചുയർന്ന അരിവിലയിൽ കഴിഞ്ഞ മൂന്ന് മാസമായി കാര്യമായ മാറ്റം വന്നിട്ടില്ല. ജില്ലയിൽ കൂടുതൽ ചെലവ് വരുന്ന കുറുവ അരിയുടെ വില മൊത്ത വിപണിയിൽ നിലവാരമനുസരിച്ച് 34 മുതൽ 40 വരയാണ്. പൊന്നി അരിയ്ക്ക് 40 മുതൽ 47 വരെ വിലയുണ്ട്. കഴിഞ്ഞ വർഷം ഇക്കാലയളവിനെ അപേക്ഷിച്ച് അരിവിലയിൽ അഞ്ച് രൂപയിലധികം വർദ്ധിച്ചതായി കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ശ്യാംസുന്ദർ പറഞ്ഞു. ചില്ലറ വിപണിയിൽ ആനുപാതികമായി വില കൂടുതലാണ്.
പൊതുവിപണിയിൽ അരി വില വർദ്ധിച്ചതോടെ സാധാരണക്കാർ റേഷൻ കടകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. പക്ഷേ മൂന്ന് മാസത്തോളമായി റേഷൻകടകളിലൂടെ ലഭിക്കുന്ന അരിയിൽ അധികവും പച്ചരിയാണ്. റേഷൻ കട ഉടമകൾക്ക് വിതരണത്തിനായി ലഭിക്കുന്ന അരിയുടെ 70 മുതൽ 80 ശതമതാനം വരെ പച്ചരിയാണെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു. റേഷൻകടയിൽ പുഴുക്കലരിയുടെ കുറവുള്ളതിനാൽ ഇടത്തരം കുടുംബങ്ങൾ പൊതു മാർക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. ഇത് ദിനംപ്രതി അരിയുടെ വില ഉയരാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നീല, വെള്ള കാർഡുടമകൾ പച്ചരി വാങ്ങിക്കുന്നത് കുറവാണ്. പുഴുക്കലരിയായി ലഭിക്കുന്നത് മട്ട അരിയാണ്. മലബാർ ഭാഗങ്ങളിൽ ഇതിനും ആവശ്യക്കാർ കുറവാണ്. മഞ്ഞ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന 30 കിലോ അരിയും പച്ചരിയാണ്. കഴിഞ്ഞ മാസം സാധാരണറേഷന് പുറമേ സ്പെഷ്യൽ റേഷൻ കൂടി ഉണ്ടായിട്ട് പോലും 80 ശതമാനത്തിന് താഴെയാണ് റേഷൻ വിതരണം നടന്നത്.
തുടർച്ചയായി പച്ചരി മാത്രമായി വിതരണം ചെയ്യുന്നത് കൊണ്ട് എല്ലാ മാസത്തിലും വിതരണം കുറയുന്നത് കാരണം കേന്ദ്ര സർക്കാർ അനുവദിക്കുന്ന അലോട്ട്‌മെന്റിലും കുറവ് വരുത്താൻ കാരണമാവും. പുഴുക്കലരി 70 ശതമാനവും 30 ശതമാനം പച്ചരിയും വിതരണം ചെയ്യുന്ന വിധത്തിൽ വിതരണം ക്രമീകരിക്കുവാൻ കേന്ദ്ര , സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഹമ്മദാലി പറഞ്ഞു. റേഷൻ വിതരണത്തിൽ ഏകീകരണം വേണമെന്ന ആവശ്യവും സംഘടന കാലങ്ങളായി ഉയർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |