കണ്ണൂർ : തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്ന പരാതിക്കിടയിലും ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020ലാണ് നേരത്തെ രജിസ്ട്രേഷൻ കുറഞ്ഞത്.അന്ന് 2823 യുവാക്കളും 4014 യുവതികളും ഉൾപ്പെടെ 6813 ആളുകൾ മാത്രമാണ് പേര് രജിസ്റ്റർ ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം 5912 യുവാക്കളും 9227 യുവതികളുമടക്കം 15139 പേര് രജിസ്റ്റർ ചെയ്തു. എന്നാൽ ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ 10579 പേർ മാത്രമാണ് ആകെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലെത്തിയത്.
ഇവരിൽ കൂടുതലും യുവതികളാണ്. 6584പേർ.3995 യുവാക്കളും പേര് രജിസ്റ്റർ ചെയ്തു. മുൻ വർഷത്തേക്കാൾ 4560 എണ്ണം കുറവാണിത്. മൂന്ന് വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ പൊതുമേഖലയിൽ 1048 പേർക്കും സ്വകാര്യമേഖലയിൽ 1635 പേർക്കുമായി 2683 ആളുകൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നൽകിയെന്നാണ് അധികൃതരുടെ കണക്ക്. 2020ൽ പൊതുമേഖലയിൽ 191 പേർക്കും 2022ൽ 327 പേർക്കും ഈ വർഷം 530 പേർക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി നൽകി. മൂന്ന് വർഷം കൊണ്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 19825 സ്ത്രീകളും 12730 പുരുഷന്മാരുമാണ് പേര് രജിസ്റ്റർ ചെയ്തത്.
വേതനത്തിനും ആളില്ല
അതേസമയം 2018-19 സാമ്പത്തിക വർഷം സംസ്ഥാനത്ത് 1,63,373 പേരാണ് തൊഴിലില്ലായ്മ വേതനം കൈപ്പറ്റിയത്. ഇന്ന് 14000 പേർ മാത്രമായി ചുരുങ്ങി. ജില്ലയിൽ 2018-19 കാലയളവിൽ 4001 ആളുകൾ വേതനം വാങ്ങിയിടത്ത് ഈ വർഷം കേവലം നൂറിൽ താഴെ ആളുകൾ മാത്രമാണ് കൈപ്പറ്റുന്നത്. മാസം 120 രൂപ തൊഴിലില്ലായ്മ വേതനമായി നൽകുന്നത് 500 രൂപയായി വർദ്ധിപ്പിക്കണമെന്ന എംപ്ളോയ്മെന്റ് വകുപ്പിന്റെ ശുപാർശ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ തള്ളിയിരുന്നു.
സജീവമായി മിനി ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ അഭിമുഖം നടത്തും. സൈറ്റ് സൂപ്പർവൈസർ, സൈറ്റ് എൻജിനീയർ, പ്രോജക്ട് മാനേജർ, പ്രോജക്ട് കോർഡിനേറ്റർ, ഇന്റീരിയർ സൈറ്റ് കോർ ഡിനേറ്റർ, ഇന്റീരിയർ സൈറ്റ് സൂപ്പർവൈസർ, ത്രീഡി വിഷ്വലൈസർ, ആർക്കിടെക്ട്, ആർക്കിടെക്ട് അസോസിയേറ്റ്, സെയിൽസ് കൺസൽട്ടന്റ്, കസ്റ്റമർ റിലേഷൻസ് എക്സിക്യുട്ടീവ്, മോട്ടോർ സൈക്കിൾ കൺസൽട്ടന്റ്, കാർ ഡ്രൈവർ, ഷോറൂം സെയിൽസ് കൺസൽട്ടന്റ്, മെക്കാനിക് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |