തൃശൂർ: ഒല്ലൂക്കര ബ്ലോക്കിലെ മൂന്നാമത്തെ പച്ചത്തേങ്ങ സംഭരണത്തിന് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുടെ വികസനത്തിനായി കൃഷി, ഇറിഗേഷൻ വകുപ്പുകളുമായി സംയോജിപ്പിച്ച് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒല്ലൂക്കര ബ്ലോക്കിൽ നടന്ന കൃഷി ദർശൻ പരിപാടിയുടെ ഭാഗമായാണ് പാണഞ്ചേരിയിൽ പച്ചത്തേങ്ങ സംഭരണത്തിനായി സംഭരണകേന്ദ്രം അനുവദിച്ചത്. കിലോയ്ക്ക് 32 രൂപ നൽകി പഞ്ചായത്തിലെ നാളികേര കർഷകരിൽ നിന്ന് കേരഫെഡാണ് സംഭരിക്കുന്നത്. ഒല്ലൂർ കൃഷിസമൃദ്ധിയുടെ നേതൃത്വത്തിൽ മാടക്കത്തറ, പുത്തൂർ ഗ്രാമപഞ്ചായത്തുകളിലാണ് മറ്റ് സംഭരണകേന്ദ്രങ്ങൾ.
പാണഞ്ചേരി കൃഷിഭവനിൽ പ്രവർത്തിച്ചുവരുന്ന അഗ്രോ ക്ലിനിക്കിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷകർക്ക് സൗജന്യമായി ജൈവ കീടരോഗ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കമായി. ജനകീയാസൂത്രണ പദ്ധതി വിഹിതം ആറ് ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ജൈവ കീടരോഗ നിയന്ത്രണ ഉപാധികളായ ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, ബ്യൂവേറിയ, ലെക്കാനിസീലിയം മുതലായവ കർഷകർക്ക് അഗ്രോ ക്ലിനിക്കിൽ നിന്ന് ലഭിക്കും.
ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജു, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |