ആലുവ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ വീഡിയോകളുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. പോക്‌സോ ആക്ട് എന്നാലെന്ത്, ആക്ടിന്റെ പ്രത്യേകത, അതിക്രമങ്ങളെ എങ്ങനെ പ്രതിരോധിക്കാം, എവിടെ നിന്നൊക്കെ ലൈംഗികാതിക്രമങ്ങൾ വരും, ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെ.... തുടങ്ങിയ വിഷയങ്ങൾ സമഗ്രമായി വീഡിയോയിലൂടെ അവതരിപ്പിക്കുന്നു.
ഓരോ വിഷയങ്ങളെക്കുറിച്ചും ലളിതമായി വിദഗ്ദ്ധരുടെ ക്ലാസുമുണ്ട്. റൂറൽ ജില്ലാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയും ക്ലാസുകൾ കാണാം. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതിയിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സിന്ധുവാണ് ആദ്യ എപ്പിസോഡുകൾ അവതരിപ്പിക്കുന്നത്. തുടർന്നുള്ള എപ്പിസോഡുകളിൽ മറ്റ് വിദഗ്ദ്ധർ അണിനിരക്കും. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
'കുഞ്ഞുങ്ങളുടെ മനസെന്താണെന്ന് മനസിലാക്കാനുള്ള ശ്രമം വീട്ടിൽ നിന്ന് തുടങ്ങണം. നല്ല സ്പർശനവുംമോശം സ്പർശനവും, നല്ല പെരുമാറ്റവും മോശം പെരുമാറ്റവും, നല്ല സംസാരവും മോശംസംസാരവും തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയണം. കുട്ടികൾക്ക് മോശമായ അനുഭവമുണ്ടായാൽ ആദ്യം അറിയേണ്ടതും മാതാപിതാക്കളാണ്. കൂടാതെ നിരന്തരം ഇടപഴകുന്ന അദ്ധ്യാപകരും അവരെ അടുത്തറിയേണ്ടവരാണ്. പോക്‌സോയിൽ 40 ശതമാനത്തോളം മൊബൈൽ വഴിയുള്ള ബന്ധങ്ങളിലൂടെ സംഭവിക്കുന്നതാണ്. അത് വളരെ ഗൗരവമായി കാണണം. കുട്ടികളുടെ കാര്യത്തിൽ വലിയ ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. നമ്മുടെ സമൂഹത്തിനുണ്ട്. അദ്ധ്യാപകർക്കുണ്ട്- ആദ്യ ക്ളാസിൽ പി. സിന്ധു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |