കട്ടപ്പന :ചുറ്റുപാടുകളിൽ കാണുന്നതൊക്കെ കവിതാരചനയ്ക്കുള്ള വിഷയങ്ങളായി കണ്ട് ഇംഗ്ലീഷ് കവിതകളുടെ ലോകത്ത് ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് പത്താം ക്‌ളാസുകാരി ജീവ. ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.സ്‌കൂളിൽ പഠിക്കുന്ന ജീവാ ജിജോ ഇന്ന് നേട്ടങ്ങളുടെ നെറുകയിലാണ്. പതിനഞ്ച് വയസിനുള്ളിൽ 100ഇംഗ്ലീഷ് കവിതകൾ അടങ്ങിയ കവിതാ സമാഹാരം പുറത്തിറക്കിയതിന്റെ ധന്യനിമിഷത്തിലാണ് ഈകൊച്ചുമിടുക്കി. എട്ട് വയസുള്ളപ്പോൾ ചുറ്റുപാടും കാണുന്ന കാഴ്ച്ചകളിൽ നിന്ന് വിഷയമെടുത്ത് മലയാളത്തിൽ കവിതകൾ രചിച്ചാണ് തുടക്കം. പിന്നീട് ജെ കെ റൗളിങ്ങിന്റെയും കോലൻ ഹൂവറിന്റെയുമൊക്കെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ഒരു സങ്കീർത്തനം പോലെ, പഥേർ പാഞ്ചാലി, ആടുജീവിതം തുടങ്ങിയ പുസ്തകങ്ങളും ഷെർലക് ഹോംസിന്റെ രചനകൾ വായിച്ചുതുടങ്ങി. കൊവിഡ് കാലത്ത് ഹാരി പോർട്ടറിന്റെ എട്ട് പുസ്തകങ്ങൾ വായിച്ചുതീർന്നതോടെയാണ് ഇംഗ്ലീഷ് കവിതാ രചനയിലേയ്ക്ക് തിരിയുന്നത്. ജെ. വി. സൈറിൻ എന്ന തൂലികാ നാമത്തിൽ ഒന്നര വർഷം കൊണ്ട് 100കവിതകൾ പൂർത്തിയാക്കി. സ്വയം സ്‌നേഹിക്കുക, പ്രതിസന്ധികളിൽ മറ്റുള്ളവർക്കൊപ്പം നിൽക്കുക തുടങ്ങിയ കാഴ്ചപ്പാടുകളാണ് കവിതാ രചനകളുടെ വിഷയങ്ങളായി വരുന്നതെന്ന് ജീവ പറയുന്നു.'ലിറ്ററേച്ചർ ഫൗണ്ട് മി, വൈ ഡു ഐ റൈറ്റ്ക, ഹോപ് കംഫോർട്ട്, ലവിങ് മൈ സെൽഫ് തുടങ്ങിയവയാണ് പ്രധാന കവിതകൾ. കവിതാ സമാഹാരം കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് സുബൈർ പ്രകാശനം ചെയ്തു. താമസിയാതെ ഇത് പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുസ്തകത്തിന്റെ പുറം ചട്ട ഡിസൈൻ ചെയ്തിരിക്കുന്നതും ജീവ തന്നെ. പിതാവ് എഴുകുംവയൽ കൊങ്ങമല ജിജോ മുരിക്കാശേരി പാവനാത്മ കോളേജ് ജീവനക്കാരനാണ്. മാതാവ് ജൂലി നെടുംകണ്ടം പഞ്ചായത്ത് യു പി സ്‌കൂൾ അദ്ധ്യാപിക. ജുവാൻ, ജുവൽ മരിയ എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |