SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

 മഴവില്ലഴകിൽ പെരുമ്പളം

ആലപ്പുഴ: പതിറ്റാണ്ടുകളായി ഒരു ജനത ഹൃദയത്തിലേറ്റിയ സ്വപ്നം കായൽപ്പരപ്പിന് കുറുകെ മഴവില്ലഴകിൽ തലയുയർത്തി നിന്നപ്പോൾ പെരുമ്പളം ദ്വീപ് അക്ഷരാർത്ഥത്തിൽ ഉത്സവപ്പറമ്പായി മാറി. വാദ്യമേളങ്ങളും ആർപ്പുവിളികളുമായി ദ്വീപുവാസികൾ സ്വപ്നസാഫല്യത്തെ നെഞ്ചിലേറ്റിയപ്പോൾ അത് കേരളത്തിന്റെ ഗതാഗത ചരിത്രത്തിലെ തന്നെ തിളങ്ങുന്ന അദ്ധ്യായമായി മാറി. കഴിഞ്ഞ ഒരാഴ്ചയായി പെരുമ്പളം ദ്വീപ് ഉണരുന്നതും ഉറങ്ങുന്നതും ഈ ഉത്സവ ലഹരിയിലായിരുന്നു. ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന വിപുലമായ പരിപാടികളുടെ സമാപനമായി മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കാനെത്തിയപ്പോൾ ജനങ്ങൾ ആവേശത്തോടെയാണ് ചരിത്ര നിമിഷത്തെ വരവേറ്റത്. കൊച്ചുകുട്ടികൾ മുതൽ യുവാക്കളും വയോജനങ്ങളും വരെ ഒരേ ആവേശത്തോടെ പാലത്തിന് മുകളിൽ തടിച്ചുകൂടി.
പാലത്തിലൂടെ ആദ്യമായി നടന്ന് അക്കരെയെത്തിയവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷം വാക്കുകൾക്ക് അതീതമായിരുന്നു. 'ഇനി ഞങ്ങൾക്ക് സമയത്തിന് ആശുപത്രിയിലെത്താം, കുട്ടികൾക്ക് പ്രയാസമില്ലാതെ സ്‌കൂളിൽ പോകാം. ഈ പാലം ഞങ്ങളുടെ ജീവിതമാണ്,' ഉദ്ഘാടനം നേരിൽ കാണാനെത്തിയ തൊണ്ണൂറ് വയസ്സുള്ള നാരായണിഅമ്മ പറഞ്ഞു.

ഉദ്ഘാടന ദിനത്തിൽ ദ്വീപിലെ കുട്ടികൾക്ക് പാലം പുതിയ കളിസ്ഥലം കൂടിയായി മാറി. സൈക്കിളോടിച്ചും സ്‌കേറ്റിംഗ് ചെയ്തും പാലത്തിലൂടെ ആവേശത്തോടെ അവർ സഞ്ചരിച്ചു. വാദ്യമേളങ്ങളും വർണ്ണക്കുടകളുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടി.
ദ്വീപിലെ യുവാക്കൾ ഒത്തൊരുമിച്ച് പാലം കാണാനെത്തുന്നവൾക്ക് ലഘുഭക്ഷണവും മധുരപലഹാരവും വെള്ളവും വിതരണം ചെയ്തു. മറ്റുകരകളിൽ നിന്നും വള്ളങ്ങളിൽ പാലം കാണാൻ എത്തിയവരും സന്തോഷത്തിൽ പങ്കുചേർന്നു. പെരുമ്പളം പഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബ്രിഡ്ജ് മാരത്തൺ, പഞ്ചാരിമേളം, രാജേഷ് ചേർത്തലയുടെ ഫ്ളൂട്ട് ഫ്യൂഷൻ, സിബിൻ മാജിക് ബീറ്റ്സ് നയിച്ച ഫ്യൂഷൻ ഡി.ജെ എന്നിവയും ഉദ്ഘാടനത്തിനോടനുബന്ധിച്ച് അരങ്ങേറി. രാത്രിയിൽ വർണ്ണദീപങ്ങളാൽ തിളങ്ങുന്ന പാലം കാണാൻ അയൽ ജില്ലകളിൽ നിന്നുപോലും ആളുകൾ കൂട്ടമായി എത്തുന്നുണ്ട്.


ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കെ.എസ്.ആർ.ടി.സി

ഉദ്ഘാടന ദിവസം തന്നെ ദ്വീപിലേക്ക് ബസ് സർവീസ് ആരംഭിക്കും എന്ന് സർക്കാർ നൽകിയ വാക്ക് പാലിച്ച് 'പെരുമ്പളം ദ്വീപ്' എന്ന ബോർഡ് വെച്ചെത്തിയ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ജനങ്ങളുടെ ആവേശം ഇരട്ടിയാക്കി. നിറയെ യാത്രക്കാരുമായി പാലം കടക്കാനെത്തിയ ബസ് കൃഷിമന്ത്രി പി പ്രസാദും ദലീമ ജോജോ എം.എൽ.എയും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്‌തോടെ ആദ്യ സർവീസിനും ഔദ്യോഗിക തുടക്കമായി. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിറയെ യാത്രക്കാരുമായാണ് മൂന്ന് ബസും ചേർത്തലയിലേക്ക് ആദ്യ സർവീസ് നടത്തി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL