SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ആകാംക്ഷയിൽ ആലപ്പുഴ

ele

ആലപ്പുഴ: ജില്ലയിൽ പത്ത് വർഷങ്ങളായി ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ എട്ടും ഇടതുമുന്നണിക്കൊപ്പമാണ്. എന്നാൽ, തദ്ദേശഫലത്തിൽ അഞ്ച് മണ്ഡലങ്ങളിലുണ്ടായ ആത്മവിശ്വാസം യു.ഡി.എഫിന് ഇത്തവണ കരുത്തുകൂട്ടും. മാത്രമല്ല, പാർട്ടി ബന്ധം അറുത്തുമുറിച്ച് ജി.സുധാകരൻ സ്വതന്ത്രനായതും തങ്ങൾക്ക് അനുകൂല ഘടകമാകുമെന്നാണ് വലതുമുന്നണിയുടെ പ്രതീക്ഷ. 2016ലും 2021ലും രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. ഇത്തവണയും ചെന്നിത്തല തന്നെയാണ് യു.ഡി.എഫിന് ഹരിപ്പാട്ടെ തുറുപ്പുചീട്ട്. അട്ടിമറി വിജയത്തിനായി എ.ഐ.വൈ.എഫ്‌ സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനെയാണ് സി.പി.ഐ കളത്തിലിറക്കുന്നത്. മറ്റെല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരിക്കുകയാണ്. കായംകുളം മണ്ഡലത്തിൽ മൂന്നാം അങ്കത്തിനും യു.പ്രതിഭയ്ക്ക് നറുക്ക് വീഴാൻ കാരണമായത് ജനകീയതയും, മണ്ഡലത്തിന്റെ ഈഴവ പ്രാതിനിധ്യവുമാണ്. ജില്ലയിൽ സി.പി.എം മത്സരരംഗത്തിറക്കുന്ന ഏക ഈഴവ സ്ഥാനാർത്ഥിയും പ്രതിഭയാണ്. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി.സുധാകരനുള്ള പിന്തുണ കോൺഗ്രസ് വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പാർട്ടി പാരമ്പര്യമുള്ളവരെ തഴഞ്ഞ് പുറത്തു നിന്നെത്തുന്നയാൾക്ക് അവസരം നൽകുന്നതിൽ കോൺഗ്രസിൽ പടലപിണക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ഹരിപ്പാടൊഴികെ ഒരു സീറ്റിലും വലതുമുന്നണി സ്ഥാനാർത്ഥിയെ അന്തിമമാക്കിയിട്ടില്ല. കായംകുളത്ത് ഈഴവ പ്രതിനിധിക്ക് അവസരം നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കുട്ടനാട് സീറ്റ് ഘടകകക്ഷിയിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും സജീവചർച്ചയായിട്ടുണ്ട്. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേടിയ മുന്നേറ്റം ബി.ജെ.പിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസിന് വേണ്ടി തുഷാർ വെള്ളാപ്പള്ളി, അമ്പലപ്പുഴയിൽ സന്ദീപ് വാചസ്പതി തുടങ്ങിയ പേരുകൾ സജീവമാണ്.

ട്വിസ്റ്രായി അമ്പലപ്പുഴ, ഹാട്രിക്ക്

നേടുമോയെന്നറിയാൻ ഹരിപ്പാട്

രാഷ്ട്രീയ നിരീക്ഷകർ പോലും പ്രതിക്ഷിക്കാതിരുന്ന വമ്പൻ ട്വിസ്റ്റാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അമ്പലപ്പുഴ മണ്ഡലത്തിൽ അരങ്ങേറിയത്. ഇടതുമുന്നണിയുടെ കരുത്തനും ഏറ്റവും ജനകീയനുമായിരുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ പാർട്ടി ബന്ധം അറുത്തുമുറിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സി.പി.എമ്മിനെ മാത്രമല്ല, രാഷ്ട്രീയ കേരളത്തെയാകെ അമ്പരപ്പിച്ച തീരുമാനമാണ്. പ്രചരണ വേളയിൽ ജി.സുധാകരൻ യു.ഡി.എഫുമായി കൈകോർക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. വിജയസാധ്യതയുള്ള സാഹചര്യത്തിൽ അമ്പലപ്പുഴയിൽ ജി.സുധാകരനെ ഒപ്പം കൂട്ടാനായി യു.ഡി.എഫ് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ പിന്തുണയിൽ വ്യക്തത വരും. ജില്ലയിൽ മറ്റൊരു ഗ്ലാമർ മണ്ഡലം ഹരിപ്പാടാണ്. ഹാട്രിക്കും പിന്നിട്ടാണ് രമേശ് ചെന്നിത്തല മണ്ഡലത്തിൽ മത്സരത്തിനിറങ്ങുന്നത്. ചെന്നിത്തലയെ നേരിടാൻ യുവ നേതാവ് ടി.ടി.ജിസ്മോനെയാണ് സി.പി.ഐ കന്നിയങ്കത്തിനിറക്കുന്നത്. സി.പി.ഐ ദേശീയ ക‍ൗൺസിലംഗം, എ.ഐ.വൈ.എഫ്‌ സംസ്ഥാന സെക്രട്ടറി , സംസ്ഥാന യുവജന ക്ഷേമ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജിസ്മോൻ എ.ഐ.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL