SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.22 AM IST

രക്ഷയില്ല, ഷട്ടറിട്ടു

hotel
ഗ്യാസ് ക്ഷാമത്തെ തുടർന്ന് കൊച്ചി നഗരത്തിൽ അടഞ്ഞു കിടക്കുന്ന ഹോട്ടൽ

ഹോട്ടലുകൾ അടയ്ക്കുന്നു, പ്രതി​സന്ധി​ രൂക്ഷമാകും...

കൊച്ചി: മെനു വെട്ടിച്ചുരുക്കി. പ്രവർത്തന സമയം നിയന്ത്രിച്ചു. എന്നിട്ടും പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നതോടെ ജില്ലയിൽ ഹോട്ടലുകൾ ഒന്നിന് പിന്നാലെ ഒന്നായി ഷട്ടറിടുകയാണ്. കൈവശമുള്ള സിലിണ്ടറുകൾ കൂടി തീരുന്നതോടെ ഇന്ന് കൂടുതൽ ഹോട്ടലുകൾക്ക് പൂട്ടുവീഴും. കൊച്ചി നഗരത്തിലാണ് ഏറ്റവുമധികം സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചത്. ആകെ എണ്ണായിരത്തോളം ഹോട്ടലുകളാണുള്ളത്. വി​ഭവങ്ങൾ കുറച്ചും സമയം പരി​മി​തപ്പെടുത്തി​യും പി​ടി​ച്ചുനി​ൽക്കാനുള്ള ശ്രമത്തി​ലാണ് ഹോട്ടൽ മേഖല. ഇങ്ങി​നെ പോയാൽ ദി​വസങ്ങൾക്കുള്ളി​ൽ എല്ലാ ഹോട്ടലുകളും നി​ശ്ചലമാകും. ഭക്ഷണപ്രതി​സന്ധി​ മൂലം കൊച്ചി​ നഗരത്തി​ൽ ഇന്നലെ തി​രക്കൊഴി​ഞ്ഞ സ്ഥി​തി​യായി​രുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള ബുക്കിംഗ് സൈറ്റുകളിൽ ഗ്യാസ് ബുക്ക് ചെയ്യാനാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

വിറക് പരിഹാരമല്ല

വിറകിലേക്കുള്ള മാറ്റം എല്ലായിടത്തും പ്രായോഗികമല്ലാത്തത് ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ബേക്കറികളുടെ പ്രവർത്തനവും താളംതെറ്റി. ഇൻഡക്ഷൻ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ ഭക്ഷണശാലകളിൽ മാത്രമാണ് ഇത് പ്രായോഗികമാകുന്നത്.

കേറ്ററിംഗ് സ്ഥാപനങ്ങൾ നിലവിലുള്ള കരാറുകൾക്ക് പുറമേയുള്ളവ ഒഴിവാക്കിത്തുടങ്ങി. ഓൺലൈൻ ഭക്ഷണ വിതരണം പ്രതിസന്ധിയിലായതോടെ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികളും ആശങ്കയിലാണ്. ആപ്പ് അധിഷ്ഠിതമായ ക്ലൗഡ് കിച്ചണുകളെയും വിവാഹ, ഇഫ്താർ വിരുന്ന് കരാറുകളെടുത്ത കേറ്ററിംഗ് സ്ഥാപനങ്ങളെയും ക്ഷാമം കാര്യമായി ബാധിച്ചു.

ഗ്യാസ് ഫില്ലിംഗ് തഥൈവ

ഐ.ഒ.സിയുടെ ഉദയംപേരൂർ യൂണിറ്റിൽ പാചകവാതക വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് നിറുത്തി. എച്ച്.പി.സി.എല്ലിന്റെ ഇരുമ്പനത്തെ യൂണിറ്റിൽ എച്ച്.പി ഗ്യാസിന്റെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾ നിറയ്ക്കുന്നത് ഭാഗികമാക്കി. അമ്പലമുകളിൽ ബി.പി.സി.എൽ ഭാരത് ഗ്യാസിന്റെ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നതും നിറുത്തി. കഴിഞ്ഞ ഏഴ് മുതൽ ഇവിടെനിന്നുള്ള വാണിജ്യ സിലിണ്ടറുകളുടെ നീക്കം നിലച്ചിരിക്കുകയാണ്. ആശുപത്രികൾ ഉൾപ്പെടെയുള്ള അത്യാവശ്യ മേഖലയിലേക്കുള്ള സിലിണ്ടറുകൾ മാത്രമാണ് ഇവിടെ നിറയ്ക്കുന്നത്.

ഭക്ഷണത്തി​ന് വി​ല കൂടും

പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഭക്ഷണവിഭവങ്ങളുടെ വില വർദ്ധിച്ചേക്കും. ചെറുകിട ബേക്കറികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഭൂരിഭാഗം ഹോട്ടലുകളും പൂട്ടി. ബിരിയാണി പോലുള്ളവയാണ് അവശേഷിക്കുന്നവർ വിറകടുപ്പിൽ ചെയ്യുന്നത്. പ്രതിസന്ധി അതിരൂക്ഷമാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ചർച്ച നടത്തി. ഇന്ന് മുഖ്യമന്ത്രിയെ അസോസിയേഷൻ ഭാരവാഹികൾ കാണുന്നുണ്ട്.

കെ.ടി. റഹീം,​
ജില്ലാ പ്രസിഡന്റ്,​

കേരള ഹോട്ടൽ ആൻഡ്

റസ്റ്റോറന്റ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL