SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.19 AM IST

കുന്നത്തുനാട്ടിലെ പോരിന് ആകെ കോൺഗ്രസ് മയം

udf
വി.പി. സജീന്ദ്രൻ (യു.ഡി.എഫ്)

കോലഞ്ചേരി: കോൺഗ്രസിനെതിരെ മുൻ കോൺഗ്രസുകാരുടെ പോരാട്ടം കുന്നത്തുനാട്ടിലെ മത്സരം കൗതുകമാക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.പി. സജീന്ദ്രനെ എതിരിടുന്നത് ഒരുകാലത്ത് കോൺഗ്രസ് പാളയത്തിലുണ്ടായിരുന്ന രണ്ട് നേതാക്കളാണ്.

ഇടതുമുന്നണി സ്ഥാനാർത്ഥിയായ പി.വി. ശ്രീനിജിനും എൻ.ഡി.എ സ്ഥാനാർത്ഥിയായ ബാബു ദിവാകരനും.

2006ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഞാറക്കൽ മണ്ഡലത്തിൽ മത്സരിച്ച പി.വി. ശ്രീനിജിൻ സി.പി.എം സ്ഥാനാർത്ഥിയായ എം.കെ. പുരുഷോത്തമനോട് പരാജയപ്പെട്ടിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയായി 2016ൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നു. അന്ന് ശ്രീനിജിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത് ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളായിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടത് വി.എസ്. അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരും. അതേ ശ്രീനിജിൻ പിന്നീട് കുന്നത്തുനാട്ടിൽ സി.പി.എം സ്ഥാനാർത്ഥിയായത് പലർക്കും അതിശയമായി.

അടൂർ നഗരസഭാ ചെയർമാനും പത്തനംതിട്ട ഡി.സി.സി സെക്രട്ടറിയുമായിരുന്ന ബാബു ദിവാകരൻ അടൂർ സീറ്റ് സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് എൻ.ഡി.എയിലേക്ക് ചേർന്നത്. മരിച്ചാലും കോൺഗ്രസ് വിടില്ലെന്ന് അടുത്തിടെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്ന അദ്ദേഹം ഇപ്പോൾ കുന്നത്തുനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും മറ്റൊരു രാഷ്ട്രീയ വിസ്മയം.

ഒരിക്കൽ ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന നേതാക്കൾ ഇപ്പോൾ വ്യത്യസ്ത മുന്നണികളിൽ നിന്ന് ഏറ്റുമുട്ടുന്ന സാഹചര്യം കുന്നത്തുനാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടുതൽ രാഷ്ട്രീയ കൗതുകം പകരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL