SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ചെങ്കോട്ടയിൽ ട്വിസ്റ്റ് കാത്ത് യു.ഡി.എഫ്. 

madhu
ടി.ഐ. മധുസൂദനൻ

പയ്യന്നൂർ: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടുന്ന മണ്ഡലങ്ങളിലൊന്നായി ആർക്കും വെല്ലുവിളിക്കാനാകാത്ത സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായി ഉയർന്ന പയ്യന്നൂർ, 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തീർത്തും വ്യത്യസ്തമായ ഒരു ചിത്രം അവതരിപ്പിക്കുന്നു. ദശകങ്ങളായി ഇടതിന്റെ ആത്മാഭിമാനഭൂമിയായ ഈ മണ്ഡലത്തിൽ ഇക്കുറി അകത്തുനിന്നു തന്നെ ഉയരുന്ന കൊടുങ്കാറ്റ് ഇടതുപക്ഷത്തെ ആശങ്കയിലാക്കുന്നു.
ദേശീയ പ്രസ്ഥാനത്തിന്റെ ചൂടും ഊഷ്മളതയും ഇന്നും ഉൾക്കൊള്ളുന്ന മണ്ണാണ് പയ്യന്നൂർ. 1967ൽ ചൈനാ ചാരൻ എന്ന ആരോപണം ചുമത്തി ജയിലിലടക്കപ്പെട്ട എ.വി. കുഞ്ഞമ്പു, ഛായാചിത്രം മാത്രം ആയുധമാക്കി ജനവിധി നേടിയ ചരിത്രം ഈ മണ്ഡലത്തിന്റേതാണ്. പിന്നീട് എൻ. സുബ്രഹ്മണ്യ ഷേണായ്, എം.വി. രാഘവൻ, സി.പി. നാരായണൻ, 1996ൽ വൈദ്യുതി മന്ത്രിയായ പിണറായി വിജയൻ, തുടർന്ന് ആരോഗ്യ മന്ത്രിയായ പി.കെ. ശ്രീമതി ഇങ്ങനെ പദവികൾ പയ്യന്നൂരിന് സ്ഥിരം അതിഥിയായിരുന്നു.

ആരോപണങ്ങൾ ഉണ്ടെങ്കിലും ടി.ഐ. മധുസൂദനൻ തന്നെയാണ് ഇക്കുറിയും ഇടതു സ്ഥാനാർത്ഥി. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ കുറിച്ച് ചില ധാരണകൾ ഉണ്ടായിക്കഴിഞ്ഞെങ്കിലും പയ്യന്നൂരിൽ സസ്‌പെൻസ് തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതനായി നഗരസഭാ കൗൺസിലറായ സി. വൈശാഖ് ചിലപ്പോൾ നിയമസഭാ തിരഞ്ഞടുപ്പിലേക്കും മത്സരിച്ചേക്കാം.


വെല്ലുവിളി; അകത്തു നിന്ന്
രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് നടപടി നേരിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ, സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ ഉയർത്തിയ ആരോപണങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയാണ്.
മധുസൂദനന്റെ വികസന ജാഥയ്‌ക്കെതിരെ 'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല' എന്ന ബാനർ പാർട്ടി ഗ്രാമമായ കാരയിൽ ഉയർന്നത് സൂചനയാണ്.
കഴിഞ്ഞ ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതു ഭൂരിപക്ഷത്തിൽ ചെറിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. മധുസൂദനനെ മത്സരിപ്പിച്ചാൽ ഭൂരിപക്ഷം വീണ്ടും കുറയുമെന്ന കണക്കൂകൂട്ടൽ യു.ഡി.എഫിനുണ്ട്. അതേ സമയം വിമതരുടെ വോട്ടില്ലെങ്കിലും പയ്യന്നൂരിലെ ഇടതിന്റെ അടിത്തറ ഇളകില്ലെന്ന ഉറപ്പിലാണ് സി.പി.എം. നേതൃത്വം. മധുസൂദനന്റെ ജയത്തോടെ വിമതരുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടൽ.


2021ലെ നിയമസഭ ഫലം

ടി.ഐ. മധുസൂദനൻ (എൽ.ഡി.എഫ്) 93,695
എം. പ്രദീപ് കുമാർ (യുഡിഎഫ്) 43,915
അഡ്വ. കെ.കെ. ശ്രീധരൻ (എൻ.ഡി.എ) 11,308
വിജയി: ടി.ഐ. മധുസൂദനൻ, ഭൂരിപക്ഷം 49,780

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL