SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

തൃക്കരിപ്പൂരിൽ താല്പര്യമില്ല: എം.പി ജോസഫ്

mp-josaph
എം പി ജോസഫ

ഇന്ന് പി.ജെ ജോസഫിനെ കാണും

കാസർകോട്: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം പി ജോസഫിന് തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നതിനോട് ഒട്ടും താല്പര്യമില്ല. എന്നാൽ തിരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും അങ്കം കുറിക്കണമെന്ന ആഗ്രഹവുമായി അദ്ദേഹം ഇന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ ജോസഫിനെ നേരിൽ കണ്ടു താല്പര്യം അറിയിക്കും.

തൃക്കരിപ്പൂരിൽ യു.ഡി.എഫിനു വേണ്ടി ആരു നിന്നിട്ടും പ്രയോജനമില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. വി.പി.പി മുസ്തഫ നിഷ്പ്രയാസം ജയിക്കുമെന്നും അതിനാലാണ് തൃക്കരിപ്പൂരിൽ പ്രത്യേക താല്പര്യം ഇല്ലെന്ന് പറഞ്ഞതെന്നും പാർട്ടി ലീഡർ പി.ജെ ജോസഫിനെ കാണുന്നതിന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ എം.പി ജോസഫ് 'കേരള കൗമുദി'യോട് പറഞ്ഞു. മദ്ധ്യകേരളത്തിൽ പാർട്ടിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നൽകിയാൽ മത്സരിക്കും. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ സീറ്റുകളിലാണ് താല്പര്യം. ഈ ആഗ്രഹം പാർട്ടി ചെയർമാനെ ധരിപ്പിക്കും. തീരുമാനം എടുക്കുന്നത് പാർട്ടിയല്ലേ എന്നും അദ്ദേഹം പറയുകയുണ്ടായി. കോൺഗ്രസ് ഏറ്റെടുക്കുമെന്ന പ്രചാരണം വന്നപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കേരള കോൺഗ്രസ് പ്രവർത്തകർ ചുമരെഴുത്ത് നടത്തിയ മണ്ഡലമാണ് ഏറ്റുമാനൂർ.

2021ൽ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകാൻ വരുന്നതിന് മുമ്പ് എം.പി ജോസഫിന്റെ തട്ടകം മദ്ധ്യകേരളമായിരുന്നു. കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിട്ടുള്ള ഇദ്ദേഹം മുൻ മന്ത്രി കെ.എം മാണിയുടെ മരുമകൻ കൂടിയാണ്. ആ പ്രതിച്ഛായയിലും മിടുക്കനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുമാണ് കഴിഞ്ഞ തവണ യു.ഡി.എഫിനു വേണ്ടി തൃക്കരിപ്പൂരിൽ അങ്കം കുറിച്ചത്. എൽ.ഡി.എഫിലെ എം രാജഗോപാലനോട് 23500 വോട്ടുകൾക്ക് തോറ്റെങ്കിലും അദ്ദേഹം തൃക്കരിപ്പൂർ വിട്ടിരുന്നില്ല. ഐ.എ.എസ് പരിശീലനം നൽകുന്ന സ്ഥാപനം തുടങ്ങി ഇവിടെ തന്നെ താമസിക്കുകയായിരുന്നു.

തൃക്കരിപ്പൂരിൽ വീണ്ടും മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞെങ്കിലും ഒറ്റവാക്കിൽ പറഞ്ഞൊഴിഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന് തൃക്കരിപ്പൂരിൽ മത്സരിക്കുന്നതിന് താല്പര്യം ഉണ്ടെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, MP JOSAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL