SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വാഗ്ദാനങ്ങൾ ജലരേഖ  സ്കൂൾ പാചക തൊഴിലാളികൾ ദുരിതത്തിൽ

കൊല്ലം: മന്ത്രിതലത്തിൽ രണ്ടു തവണ നടത്തിയ ചർച്ചകളിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഒന്നും നടപ്പാക്കാതായതോടെ സ്കൂൾ പാചകത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. കഴിഞ്ഞവ‌ർഷം ആഗസ്റ്റിലാണ് അവസാനമായി പാചക തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത യോഗം തിരുവനന്തപുരത്ത് നടന്നത്. എല്ലാമാസവും അഞ്ചാംതീയതിക്ക് മുമ്പ് ഓണറേറിയം ലഭിക്കുമെന്നതുൾപ്പെടെയുള്ള നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ സമരം ചെയ്താൽ മാത്രം ഓണറേറിയം കിട്ടുമെന്ന അവസ്ഥ തുടരുകയാണ്. ഫെബ്രുവരി 5ന് കിട്ടേണ്ട ജനുവരി മാസത്തെ ഓണറേറിയം സമരം ചെയ്ത ശേഷം ഫെബ്രുവരി 26ന് മാത്രമാണ് ലഭിച്ചത്. പാചക തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രതിമാസം 1000രൂപ മുടങ്ങിയിട്ട് നാല് മാസമായി. ഒക്ടോബർ മുതലാണ് വിഹിതം കിട്ടാനുള്ളത്.കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വിഹിതം ഇടുന്ന വേതനം ഒന്നിച്ചു കിട്ടാത്തതിനാൽ തൊഴിലാളികൾക്ക് പ്രയോജനമുണ്ടാകുന്നില്ല. സംസ്ഥാന ബഡ്ജറ്റിൽ പ്രതിദിന വേതനം കൂട്ടിയതാകട്ടെ വെറും 25 രൂപയും.സ്കൂൾ പാചക തൊഴിലാളികൾക്ക് ഇൻഷ്വറൻസ്,വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ മന്ത്രിതല ചർച്ചയിലെടുത്ത തീരുമാനങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും സർക്കാരിന്റെ പരിഗണനയിൽ ആണെന്ന മറുപടിയാണ് ലഭിക്കുന്നുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

കിട്ടുന്നതിൽ പകുതി സഹായിക്ക്

500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതാണ് ഇപ്പോഴും സർക്കാർ കണക്ക്. കഴിഞ്ഞ നവംബർ മുതൽ പ്രതിദിനം ഒരു തൊഴിലാളിക്ക് 650 രൂപയും. ഇത്രയും കുട്ടികളുണ്ടാകുമ്പോൾ സഹായികൾ ആവശ്യമായി വരും. എന്നാൽ സഹായികളുടെ ഉത്തരവാദിത്വം സർക്കാരോ സ്‌കൂളുകളോ ഏറ്റെടുക്കില്ല. ഇവർക്കുള്ള പ്രതിഫലം കൂടി തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് കൊടുക്കണം. ഇതോടെ കിട്ടുന്ന 650 രൂപ 325 ആയി കുറയും. രാവിലെ മുതൽ വൈകിട്ട് വരെ ജോലിയുള്ളതിനാൽ മറ്റൊരു ജോലിക്ക് പോകാനും കഴിയില്ല. മുപ്പത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് മിക്ക തൊഴിലാളികളും. കൂട്ടത്തിൽ 60 വയസ് പിന്നിട്ടവർ വരെയുണ്ട്. എന്നാൽ വിരമിച്ച് കഴിയുമ്പോൾ വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

ചർച്ചയിൽ നൽകിയ ഉറപ്പുകൾ

ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് നൽകും

 300 കുട്ടികൾക്ക് ഒരു തൊഴിലാളി
 വിരമിക്കൽ പ്രായം 65 വയസാക്കി.
 തൊഴിലാളികൾക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡും
അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ പാചക തൊഴിലാളികളെ ഉൾപ്പെടുത്തും

പാചക തൊഴിലാളികളുമായി രണ്ടു പ്രാവശ്യമാണ് സർക്കാർ ചർച്ച നടത്തിയത്. എന്നാൽ അന്ന് ഉറപ്പ് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. നിമം കൂലി 700 രൂപയാക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികാ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. സമരം ചെയ്താൽ മാത്രം കൂലി എന്നതാണ് ഇപ്പോഴും തുടരുന്ന രീതി. -

എ. ഹബീബ് സേട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL