SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ആളുകേറാ മലയിൽ കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ!


പുനലൂർ: മുക്കടവ് ആളുകേറാമലയിലെ റബർ തോട്ടത്തിൽ കണ്ട മൃതദേഹം പ്രതിയെന്ന് സംശയിച്ച ആളുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ചേറ്റാരിക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പാപ്പർ എന്ന് വിളിപ്പേരുള്ള അനിക്കുട്ടന്റേതാണ് (46) മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ സെപ്തംബർ 23 ന് മുക്കടവ് ആളുകേറാമലയിലെ റബർ തോട്ടത്തിൽ കുരുമുളക് ശേഖരിക്കാൻ പോയ തമിഴ്നാട് ശങ്കരൻകോവിൽ സ്വദേശി സുരേഷാണ് മൃതദേഹം കണ്ടത്. കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിലെ മൃതദേഹം ജീർണിച്ചിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് കത്രിക, വെള്ള നിറത്തിലുള്ള കന്നാസ്, ബാഗ്, കാവി നിറത്തിലുള്ള കൈലിയുടെ കഷണങ്ങൾ എന്നിവ കണ്ടെത്തി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുരുഷ മൃതദേഹം ആണെന്നും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണെന്നും സ്ഥിരീകരിച്ചു. എന്നാൽ മരിച്ച ആളിനെ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് സമീപ ജില്ലകളിലും തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും അന്വേഷണം നടത്തി. മൃതദേഹം കണ്ടതിന് മുൻപുള്ള ദിവസങ്ങളിൽ സമീപത്തെ പെട്രോൾ പമ്പിലെ സി.സി ടി.വിയിൽ, കാവി കൈലി ധരിച്ച് വെള്ള കന്നാസ് കൈയിൽ പിടിച്ചു പോകുന്ന അനിക്കുട്ടന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ അനിക്കുട്ടനെ പ്രതിയെന്ന് സംശയിച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അനിക്കുട്ടനെ സെപ്തംബർ മുതൽ ചാരുമൂട്ടിൽ നിന്ന് കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് ആ നിലയിലും അന്വേഷണം തുടർന്നു. മൃതദേഹത്തിന്റെയും അനിക്കുട്ടന്റെ ജേഷ്ഠന്റെയും ഡി.എൻ.എ പരിശോധന ഫലവും ഫോറൻസിക് റിപ്പോർട്ടുമാണ് മരിച്ചത് അനിക്കുട്ടൻ തന്നെയെന്ന് സ്ഥിരീകരിക്കാൻ വഴിയൊരുക്കിയത്.

കൊലപാതക കാരണത്തിന് ചുരുളാണ് ഇനി അഴിയാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL