SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ചുറ്റുവട്ടം : കുഞ്ഞൂഞ്ഞു മകൻ ആരാ മോൻ !

പുതുപ്പള്ളി മണ്ഡലത്തിൽ ഒരു വികസനവും നടക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. മുദ്രാവാക്യം വിളികളോടെ ഇരച്ചു വന്ന സമരക്കാരെ കാത്തിരുന്നതു പോലെ കൂളായി അവർക്കിടയിലേക്ക്ഇറങ്ങിച്ചെന്ന് കൈ കൊടുത്തും തോളിൽ കൈയ്യിട്ടും ചേർത്തു പിടിച്ചും ചാണ്ടി മുഴുവൻ ബി.ജെ.പി പ്രവർത്തകരെയും തന്റെ ഫാൻസാക്കിയ വാർത്ത വായിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് 'കുഞ്ഞൂഞ്ഞ് മകൻ ചാണ്ടി ഉമ്മൻ ആരാ മോനെന്നാണ് .

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ കാർ യാത്രയ്ക്കിടെ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധ സമരത്തിനിടയിൽ കല്ല് നെഞ്ചിൽ കൊണ്ടു പരിക്കേറ്റിരുന്നു. പൊലീസ് ക്രിമിനൽ കേസെടുത്തപ്പോൾ എറിഞ്ഞ ആളോട് ക്ഷമിച്ചു കേസെടുക്കേണ്ടെന്ന് പോലീസിനോട് പറഞ്ഞ ക്ഷമാശീലനായിരുന്നു. ചാണ്ടി ഉമ്മന് അത്രത്തോളം ക്ഷമ ഇല്ലെങ്കിലും തനിക്കെതിരെ വരുന്ന അമ്പുകൾ പിടിച്ചെടുത്തു തിരിച്ചുവിടാൻ കുഞ്ഞൂഞ്ഞിലും വിരുതനാണെന്നാണ് ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി.ജെപിക്കാരുടെ തോളിൽ കൈയ്യിട്ടു അവരെ കൈകാര്യം ചെയ്ത സംഭവം തെളിയിച്ചത്. സമരത്തിനു വന്നിട്ട് കൈകൊടുക്കലായതോടെ സംഗതി പാളിയെന്നു മനസിലാക്കിയ ചില ബി.ജെപി പ്രവർത്തകർ ചാണ്ടി ഉമ്മനെതിരെ മുദ്രാവാക്യം വിളിച്ചെങ്കിലും ചെറു ചിരിയോടെ കൈയ്യുംകെട്ടി നിന്നു മുദ്രാവാക്യം വിളി ആസ്വദിക്കുകയായിരുന്നു കുഞ്ഞൂഞ്ഞു മകൻ.

തല്ലാൻ വന്നവരെ തലോടി വിട്ടെന്നു പറഞ്ഞതുപോലെ ശത്രുവിനെ മിത്രമാക്കിയ സംഭവം നല്ല വാർത്താ പ്രധാന്യം ലഭിച്ചത് ബി.ജെ.പി നേതൃത്വത്തിന് ക്ഷീണമായി. വികസന മുരടിപ്പിനെതിരെ ഇടതു വലതു എം.എൽ.എമാരുടെ വീടുകളിലേക്ക് നടത്താനിരുന്ന മാർച്ച് തത്ക്കാലം വേണ്ടെന്ന് ബി.ജെ.പി അതോടെ തീരുമാനിച്ചു. സുഖിപ്പിക്കൽ ഉഡായിപ്പു സമരത്തിനു പകരം സീരിയസ് സമരം മതിയെന്ന നിർദ്ദേശവും അണികൾക്കു നൽകിയിരിക്കുകയാണ്.

പുതുപ്പള്ളി ഫെസ്റ്റെന്ന പേരിൽ നടന്ന പരിപാടിയിലും പ്രവർത്തകർക്കൊപ്പം ആടിയും പാടിയും തുള്ളിയും ചാണ്ടി ഉമ്മൻ അവരെ കൈയ്യിലെടുത്തു. പുതുപ്പള്ളിയിലെ മുതിർന്ന വോട്ടർമാരിലുപരി ജൻസി വിഭാഗത്തെ കൈയ്യിലെടുത്തുള്ള കളിയിൽ അവരുടെ ആരാധനപാത്രമാണിപ്പോൾ. പള്ളിയിൽ മാത്രമല്ല ഏത് അമ്പലത്തിൽ നടക്കുന്ന പരിപാടിയിലും മുൻപന്തിയിലുണ്ട് കുഞ്ഞൂഞ്ഞ് മകൻ. മുണ്ടുടുത്തു നേര്യതും പുതച്ച് ഏതു ക്ഷേത്രത്തിലും ദർശനം നടത്തും. ആർക്കും ഒരു പരാതിയുമില്ല. ശിവഗിരി മഠത്തിന്റെ അടുത്ത ആളാണ്. സ്വാമിമാർക്കൊപ്പം പോപ്പിനെകാണാൻ വത്തിക്കാനിൽ പോയി. ലോക മത സമ്മേളനത്തിൽ പങ്കെടുത്തു. ശിവഗിരി മഠവുമായി ബന്ധപ്പെട്ട് മാത്രമല്ല എല്ലാ സമുദായങ്ങളുടെയും ഏതു പരിപാടിയിലും മുന്നിലുണ്ട്.

ഉമ്മൻചാണ്ടി ജനകീയനായിരുന്നെങ്കിൽ അതുക്കുംമേലെ 'കുഞ്ഞൂഞ്ഞു മകൻ ആരാ മോനെന്നാണ് ചുറ്റുവട്ടത്തുള്ളവർക്ക് പറയാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL