SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വാടകയിനത്തിൽ ഉൾപ്പെടെ പാലാ നഗരസഭയ്ക്ക് ലഭിക്കാനുള്ളത് ലക്ഷങ്ങൾ ഈ കിട്ടാക്കുറ്റിയൊന്ന് പിരിക്കാവോ, സാമ്പത്തിക ഞെരുക്കം പമ്പകടക്കും

പാലാ: പാലാ നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നഗരസഭ ബഡ്ജറ്റിൽ ഉൾപ്പെടെ അത് അടിവരയിട്ട് പറയുന്നു. പെൻഷനും ശമ്പളവും കൊടുക്കാൻപോലും പണം തികയുന്നില്ലെന്ന്. എന്നാൽ വാടകയിനത്തിൽ ലഭിക്കാനുള്ളത് ഉൾപ്പെടെ കൃത്യമായി പിരിച്ചെടുത്താൽ ലക്ഷങ്ങൾ നഗരസഭയിലേക്കൊഴുകും. എന്നാൽ മനപ്പൂർവം വേണ്ടന്ന് വയ്ക്കുകയാണ്. ഇത് ആരുടെ കെടുകാര്യസ്ഥതയാണെങ്കിലും ലക്ഷങ്ങൾ നഗരസഭയ്ക്ക് ഓരോ മാസവും നഷ്ടമാണ്. കഴിഞ്ഞ പത്ത് മാസമായി നയാപൈസ വാടക കൊടുക്കാത്ത പ്രസ്ഥാനങ്ങൾ നഗരസഭയുടെ സ്വന്തം മന്ദിരങ്ങളിൽ തന്നെയുണ്ട്. എന്തിന് നഗരസഭയുടെ സ്വന്തം കെട്ടിടം വാടകയ്ക്ക് കൊടുക്കുമ്പോൾ വേണ്ട വ്യവസ്ഥ പോലും എഴുതാതെ വാക്കാൽ കൊടുത്ത മുറികൾ പോലുമുണ്ട്. വാടക കുടിശിഖ ഏറിയിട്ടും അതൊന്ന് പിരിച്ചെടുക്കാൻ പോലും നഗരസഭാ അധികാരികൾക്ക് കഴിവില്ല. വാടക കൊടുക്കാത്തവരെ ഇറക്കിവിടാനും കഴിവില്ല. നോക്കുകുത്തിയായി മാറുകയാണ് പാലാ നഗരസഭാ അധികാരികൾ.

ഉദാഹരണം ഇതാ ഇവിടെയുണ്ട്

നഗരസഭയുടെ കൊട്ടാരമറ്റം ബസ് ടെർമിനൽ കോംപ്ലക്സിൽ മുറിയെടുത്ത ശേഷം ഇതേവരെ നയാ പൈസ വാടക കൊടുക്കാത്തവരുണ്ട്. മുനിസിപ്പാലിറ്റിയുമായി എഗ്രിമെന്റ് രജിസ്റ്റർ ചെയ്യാത്തവർപോലും ഇവിടെ മുറി സ്വന്തമാക്കിയിട്ടുണ്ട്. കൃത്യമായി വാടക കുടിശിക പിരിച്ചെടുക്കാതിരിക്കുകയും എഗ്രിമെന്റ് രജിസ്റ്റർ ചെയ്യാതിരിക്കുകയും ചെയ്യുന്നതിലൂടെ ലക്ഷങ്ങളാണ് നഗരസഭയ്ക്ക് നഷ്ടമാകുന്നത്.

അവർ ഒത്താശ ചെയ്യുന്നു

വാടക കുടിശിഖ വന്നാൽ കൃത്യമായ നോട്ടീസ് നൽകുകയും തുടർന്നും വാടക അടയ്ക്കുന്നില്ലെങ്കിൽ അവരെ നിർബന്ധപൂർവ്വം ഒഴിവാക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ നഗരസഭാ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ഒരു വിഭാഗവും അനധികൃത കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL