SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

തിരഞ്ഞെടുപ്പ് പ്രഖ്യാപനമായി, ഇനി എന്തൊക്കെ പേക്കൂത്തുകൾ കാണണം !

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായി. ഇനി എന്തൊക്കെ പോക്കൂത്തുകൾ കാണണം ഈശ്വരാ എന്നു പറഞ്ഞു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ.

ഈസ്റ്ററും വിഷവും കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെയായി. ഇനി മൂന്നാഴ്ചമാത്രമാണ് രാഷ്ടീയ പാർട്ടികൾക്കു മുന്നിലുള്ളത്. അതിനിടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനവും റിബലിനെയും അപരനെയും ഒതുക്കലും അടക്കം പലതും നടത്തണം.

കോട്ടയത്ത്ഇടതു മുന്നണിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനമായി. യു.ഡി.എഫിലാണ് പ്രശ്നം. ജോസഫ് ഗ്രൂപ്പിന്റെ ഏറ്റുമാനൂർ ചങ്ങനാശേരി സീറ്റുകളിൽ നേരത്ത തന്നെ കോൺഗ്രസ് നേതാക്കൾ നോട്ടമിട്ടിരുന്നു. പണ്ട് മാണി ഗ്രൂപ്പ് യു.ഡിഎഫ് വിട്ടപ്പോഴേ പലരും സ്ഥാനാർത്ഥി കുപ്പായം തയ്പ്പിച്ചതാണ്. അപ്പോഴാണ് ജോസിനു പകരം ജോസഫിന് സീറ്റുകൾ കൊടുത്തത്. പകരം കിട്ടിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും പച്ച തപ്പിയില്ല. ഇക്കുറി ജോസഫിന്റെ ഒരു സീറ്റെങ്കിലും പിടിച്ചെടുത്താൽ പോര സ്ഥാനാർത്ഥികളെയും വെച്ചു മാറുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ സീറ്റ് ജോസഫിൽ നിന്ന് പിടിച്ചെടുക്കാൻ ഏതാണ്ട് ധാരണയായപ്പോൾ പകരം കോൺഗ്രസിൽ എ.ഐ പോരായി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മാസങ്ങൾക്കു മുമ്പേ ഏുമാനൂർ സീറ്റ് മോഹിച്ച് പണി തുടങ്ങിയിരുന്നു. ജി.ഗോപകുമാറും ഒപ്പം ഉണ്ടായിരുന്നു. ഇവരിൽ ഒരാൾ ഉറപ്പിച്ചിരുന്നപ്പോഴാണ് ജോസഫ് വാഴക്കനായ് ഐ ഗ്രൂപ്പ് രംഗത്തു വന്നത്. മന്ത്രി വാസവനെ നേരിടാൻ ഈഴവ സമുദായാംഗം പോര ക്രൈസ്തവൻ ആയാൽ ന്യൂനപക്ഷ വോട്ടുകൾ കൊട്ടപ്പടി ലഭിക്കുമെന്നായിരുന്നു വാദം. ഈഴവ സമുദായത്തെ കോൺഗ്രസ് തഴയുന്നുവെന്ന പരാതി പരിഹരിക്കാൻ പൂഞ്ഞാറിലോ കാഞ്ഞിരപ്പള്ളിയിലോ നാട്ടകം സുരേഷിനെ പരിഗണിക്കാമെന്നാണ് പറയുന്നത്. അവസാനം കക്ഷത്തിലിരുന്നതും പോയി ഒറ്റാലിൽ കിടന്നത് കിട്ടിയതുമില്ല എന്ന അവസ്ഥ ഉണ്ടാകാതിരുന്നാൽ ഭാഗ്യമെന്നാണ് നാട്ടുകാർക്കു പറയാനുള്ളത്.

മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണി വീണ്ടും പാലായിൽ ജനവിധി തേടുമ്പോൾ ജില്ലയിലെ പ്രസ്റ്റീജ് മത്സരമായി പാലാ മാറുകയാണ്. സിറ്റിംഗ് എം.എൽ എ മാണി സി കാപ്പനുമൊപ്പം പി.സി ജോർജിന്റെ മകൻ ഷോൺ ജോർജും മത്സരിക്കുമ്പോൾ അതൊരു ഒന്നൊന്നര പോരാട്ടമായിരിക്കും. ജോസിന് ഇക്കുറി ജയിക്കാതെ വയ്യ.

ഒമ്പതു സിറ്റിംഗ് എം.എൽഎമാരിൽ വൈക്കത്തെ ആശ ഒഴിച്ച് എട്ടു പേരും കളത്തിലുണ്ട്. ആശയ്ക്കു പകരം പ്രദീപിനെ സി.പി.ഐ കളത്തിലിറക്കുമ്പോൾ മുൻ സി.പി.ഐ എം.എൽ.എ അജിത് ബി.ജെ.പി ക്കായി നിൽക്കുന്നു. ഒമ്പതിൽ അഞ്ചു സീറ്റ് ഇടതു മുന്നണിയും നാലെണ്ണം യു.ഡി.എഫും നേടിയ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷി നില മാറുമോ ?​കേരളാകോൺഗ്രസ് ഗ്രൂപ്പുകളിൽ 'ആരടാ വലിയവൻ' തർക്കത്തിൽ ജയം ജോസിനോ ജോസഫിനോ. ഒരു വടക്കൻ വീരഗാഥ പോരാട്ടത്തിന് ചുറ്റുവട്ടം കാത്തിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL