SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ഇന്ധന ഉത്പാദനം അവതാളത്തിൽ

gulf

കൊച്ചി: ഇറാനെതിരെ യു.എസ്, ഇസ്രയേൽ സംയുക്ത ആക്രമണം ശക്തമായതോടെ ഗൾഫ് മേഖലയിലെ എണ്ണ കയറ്റുമതിയും ഉത്പാദനവും കുത്തനെ കുറയുന്നു. പുതിയ സാഹചര്യത്തിൽ ഖത്തർ മുതൽ ഇറാഖ് വരെ എണ്ണ ഉത്പാദനം ഗണ്യമായി കുറച്ചിരുന്നു. വരും ദിവസങ്ങളിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഒഫ് എമിറേറ്റ്‌സും(യു.എ.ഇ) സൗദി അറേബ്യയും ഉത്പാദനം കുറച്ചേക്കും.

ഉത്പാദനം നിറുത്തി കുവൈറ്റ്

ഹോർമുസ് ഇടനാഴിയിലൂടെ ചരക്കു കൈമാറ്റം നിശ്ചലമായതോടെ കുവൈറ്റ് എണ്ണ ഉത്പാദനം നിറുത്തി. അസോസിയേഷൻ ഒഫ് പ്രോഡ്യൂസേഴ്‌സ് കൺട്രീസിലെ(ഒപ്പെക്ക്) രണ്ടാമത്തെ വലിയ ഉത്പാദകരായ ഇറാഖ് പ്രതിദിന ഉത്പാദനത്തിൽ 15 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തിയത്. വരും ദിവസങ്ങളിൽ ഉത്പാദനത്തിൽ 30 ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ ഇറാഖ് നിർബന്ധിതമായേക്കും. ജനുവരിയിൽ പ്രതിദിനം 41 ലക്ഷം ബാരൽ എണ്ണയാണ് ഇറാഖ് ഉത്പാദിപ്പിച്ചത്.

പ്രകൃതി വാതകത്തിൽ ഖത്തറും പിന്നോട്ട്

ആഗോള വിപണി ആവശ്യത്തിന്റെ 20 ശതമാനം പ്രകൃതി വാതകം ലഭ്യമാക്കുന്ന ഖത്തർ ഉത്പാദനം കുത്തനെ കുറച്ചു. സ്‌റ്റോറേജ് സംവിധാനമില്ലാത്തതിനാൽ ഉത്പാദനം തുടരാൻ നിർവാഹമില്ലെന്നാണ് ഖത്തറിന്റെ നിലപാട്. ആഗോള തലത്തിൽ പ്രകൃതി വാതക വില കുത്തനെ ഉയരാൻ തീരുമാനം കാരണമാകും.

സൗദി അറേബ്യയും വിട്ടുനിൽക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉത്പാദക രാജ്യമായ സൗദി അറേബ്യ 5.5 ലക്ഷം പ്രതിദിന ശേഷിയുള്ള റാസ് തനുറ റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചു. ഇതിനിടെ ചെങ്കടലിലൂടെ ഉത്പന്നങ്ങൾ കയറ്റി അയക്കാനാണ് സൗദി അറേബ്യ ആലോചിക്കുന്നത്.

ഹോർമൂസിലൂടെ ചരക്ക് കൈമാറ്റം നിലച്ചു

ഇറാൻ അഞ്ച് ചരക്കു കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതോടെ ഹോർമൂസ് കടലിടുക്കിലൂടെ ഗതാഗതം പൂർണമായും നിലച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360