
കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേകപൂജയ്‌ക്ക് സാധനങ്ങൾ വാങ്ങുന്നതിലും നിത്യപൂജയ്‌ക്കുള്ള ദ്രവ്യങ്ങൾ എത്തിക്കാനും കൊല്ലം സ്വദേശി സുനിൽകുമാർ എന്ന സുനിൽസ്വാമിയെ ദീർഘനാളായി ചുമതലപ്പെടുത്തിയതിൽ ക്രമക്കേടുള്ളതായി ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.
മാനദണ്ഡങ്ങൾ പാലിക്കാതെ പൂജാസാമഗ്രികൾ വാങ്ങുന്നതിനെ കോടതി വിമർശിച്ചു. സുനിൽ സ്വാമിക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ അനുമതി നൽകിയ സാഹചര്യം ബോർഡ് വിശദീകരിക്കണം.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് തേടി. ഫണ്ട് ദുരുപയോഗം ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടും ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും പരിഗണിച്ചാണ് നടപടി.
പൂജയ്ക്കുള്ള അരി, മലർ, ശർക്കര, നാളികേരം, പട്ട്, തോർത്ത് തുടങ്ങി പത്തിലധികം ഇനങ്ങൾ വർഷങ്ങളായി സംഭാവന ചെയ്യുന്നത് സുനിൽ സ്വാമിയാണ്. മാസപൂജയ്‌ക്ക് മൂന്നുലക്ഷം രൂപയുടെയും മണ്ഡലകാലത്ത് 18 ലക്ഷത്തിന്റെയും സാധനങ്ങളാണ് നൽകുന്നത്. ബില്ലോ വൗച്ചറോ നൽകാറില്ലെന്നും രജിസ്റ്ററിൽ രേഖപ്പെടുത്താറില്ലെന്നും ടെൻഡർ നടപടിയില്ലെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നത് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് തൊട്ടടുത്ത മുറിയിലാണ്. ഇതെല്ലാം അഴിമതിക്ക് കളമൊരുക്കാനാണെന്നാണ് വിജിലൻസിന്റെ ആരോപണം. സാധനങ്ങൾ സംഭാവനയായി ലഭിക്കുമ്പോഴും ദേവസ്വം ഫണ്ടിൽ നിന്ന് വാങ്ങിയതായി കാട്ടി ഉദ്യോഗസ്ഥർ പണം മാറ്റുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റിംഗ് നടക്കാത്തതിനാൽ വ്യക്തത കൈവന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
പൂജാസാമഗ്രികൾ വാങ്ങുന്നതിലെ സുതാര്യത ഉറപ്പാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. കേസ് അടുത്തയാഴ്ച പരിഗണിക്കും.
അഷ്ടാഭിഷേകത്തിലെ വെട്ടിപ്പ്
അഷ്ടാഭിഷേകം നടത്താൻ 6,000 രൂപയാണ് ഈടാക്കുന്നത്. ഇതിൽ 300 രൂപ പൂജാസാമഗ്രികൾക്കാണ്. എട്ടിനങ്ങളിൽ അഞ്ചും ദേവസ്വം സ്റ്റോറിൽ നിന്ന് നൽകുമ്പോൾ പാൽ, പനിനീർ, കരിക്ക് എന്നിവ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വാങ്ങി എത്തിക്കുന്നതായാണ് രേഖ. ബില്ലുകളില്ലാതെ പത്ത് വർഷമായി ഈ രീതി തുടരുകയാണ്. ആറ് മാസപൂജകളിൽ നിന്ന് അഞ്ചുലക്ഷത്തിലധികം രൂപയുടെ ദുരുപയോഗം ഇത്തരത്തിലുണ്ടായെന്നാണ് വിജിലൻസ് റിപ്പോർട്ട്. മണ്ഡല സീസണിലെ കണക്കുകൾ പരിശോധിച്ചിട്ടില്ല.
#സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരും ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്ത് വർഷത്തെ അഷ്ടാഭിഷേക കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം നൽകി. സന്നിധാനത്ത് ദീർഘകാലമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |