തൃപ്പൂണിത്തുറ: എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച തൃപ്പൂണിത്തുറ ചക്കംകുളങ്ങര സമൂഹമഠം സ്വദേശി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ 35കാരന് പുതുജീവിതത്തിലേക്ക് വഴിതുറന്നു.
ശ്യാമളയുടെ കണ്ണുകൾ എറണാകുളം ഗിരിധർ ആശുപത്രിയിലേക്കും വൃക്കകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
ചക്കംകുളങ്ങര സമൂഹമഠത്തിൽ പരേതനായ കല്യാണരാമന്റെയും രാധാലക്ഷ്മിയുടെയും ആറാമത്തെ മകളായ ശ്യാമളയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഭർത്താവ് സുരേഷും മകൻ സുബ്രഹ്മണ്യനും അവയവദാനത്തിനു സന്നദ്ധത അറിയിക്കുകയായിരുന്നു. തൃപ്പൂണിത്തുറയിലെ അക്ഷയ കാറ്ററിംഗ് ഉടമ കൃഷ്ണയ്യരുടെ ഭാര്യാ സഹോദരിയായ ശ്യാമള കുടുംബസമേതം മുംബയ് കല്യാണിലാണ് താമസം.
നാലു വർഷമായി ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ചങ്ങനാശേരി സ്വദേശി. ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിലെ എട്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്.
ശ്യാമളയുടെ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |