ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരായ കർഷക സമരം ആറാം ദിവസം കടക്കുമ്പോൾ സർക്കാരും കർഷക പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ ഇന്നും തീരുമാനമുണ്ടായില്ല. ഡൽഹിയിലെ വിജ്ഞാന ഭവനിൽ കേന്ദ്ര കർഷക മന്ത്രി നരേന്ദ്ര സിംഗ് തോമറും കർഷക പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയാണ് തീരുമാനമാകാതെ ഇന്നത്തേക്ക് പിരിഞ്ഞത്. അടുത്ത ഘട്ട ചർച്ച ഡിസംബർ മൂന്നിന് നടത്തുമെന്നും സർക്കാർ അറിയിച്ചു.
കർഷകരുടെ മുന്നേറ്റം തുടരുമെന്നും സർക്കാരിൽ നിന്ന് വെടിയുണ്ടകളോ സമാധാനപരമായ പരിഹാരമോ തിരിച്ചുണ്ടാകുമെന്നും ചർച്ചയ്ക്ക് ശേഷം കർഷക പ്രതിനിധികളിൽ ഒരാളായ ചന്ദ സിംഗ് പറഞ്ഞു. സർക്കാരുമായി സംഘടനകൾ കൂടുതൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.നിർണായകമായ ഒരു പോരാട്ടത്തിനാണ് കർഷകർ തലസ്ഥാനത്ത് എത്തിയതെന്നും അവരുടെ മൻ കീ ബാത്ത് മോദി കേൾക്കണമെന്നും കർഷക സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേന്ദ്ര നിയമത്തിൽ തെറ്റിദ്ധാരണവരുത്തി പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുന്നത് പ്രതിപക്ഷ പാർട്ടികളാണെന്നും കർഷകർക്ക് ഈ നിയമത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും കേന്ദ്ര കർഷക മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഡിസംബർ മൂന്നിനാണ് കർഷക പ്രതിനിധികളുമായുള്ള ആദ്യ ഘട്ട ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്.
എന്നാൽ ഡൽഹിയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു വരികയും ശെെത്യ കാലാവസ്ഥ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കർഷകരുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പങ്കെടുത്തിരുന്നു.