ന്യൂഡൽഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെടുന്ന മുതിർന്ന നേതാക്കളും ഹൈക്കമാൻഡും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഹൈക്കമാൻഡിന്റെ അതൃപ്തി അവഗണിച്ച് ഇന്നലെ ജമ്മുകാശ്മീരിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ കോൺഗ്രസ് ദുർബലമാകുകയാണെന്നും എല്ലാവരെയും ഒരുപോലെ കാണുന്നതാണ് പാർട്ടിയുടെ പാരമ്പര്യമെന്നും ആഞ്ഞടിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം നേതാക്കളുടെ നടപടി പാർട്ടിയെ ദുർബലമാക്കുമെന്നും അംഗീകരിക്കാനാവാത്തതാണെന്നും ഹൈക്കമാൻഡ് വിലയിരുത്തിയെങ്കിലും ഔദ്യോഗിക പ്രതികരണത്തിന് മുതിർന്നില്ല.
ജമ്മുകാശ്മീരിൽ ഗുലാംനബി ആസാദ് അദ്ധ്യക്ഷനായ എൻ.ജി.ഒ സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലാണ് തിരുത്തൽവാദി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. സംഘടനാ അഴിച്ചുപണി ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ (ജി - 23) ഉൾപ്പെട്ട എം.പിമാരായ കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി, വിവേക് തൻഖ, ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ, യു.പി മുൻസംസ്ഥാന അദ്ധ്യക്ഷൻ രാജ്ബബ്ബാർ എന്നിവർ ഗുലാംനബിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
ജാതി, മത വേർതിരിവുകളില്ലാതെ കോൺഗ്രസിന് എല്ലാവരും ഒരുപോലെയാണെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.
'ഞാൻ രാജ്യസഭയിൽനിന്ന് മാത്രമേ വിരമിച്ചിട്ടുള്ളൂ. രാഷ്ട്രീയത്തിൽ നിന്നല്ല. പാർലമെന്റ് അംഗമാകാതിരിക്കുന്നത് ഇതാദ്യമല്ല.
ജി 23 എന്നുള്ള വിളി മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണ്. എല്ലാവരും കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും" അദ്ദേഹം പറഞ്ഞു.
ജനലിലൂടെ അകത്തുകയറിയവരല്ല: ആനന്ദ് ശർമ്മ
ആരും ജനലിലൂടെ അകത്തുകയറിയവരല്ലെന്ന് പരിഹസിച്ച ആനന്ദശർമ്മ തങ്ങളിപ്പോഴെവിടെയാണോ അവിടെയെത്താൻ ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടെന്നും ഹൈക്കമാൻഡിനെ ഓർമ്മിപ്പിച്ചു.
'വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളിലൂടെയാണ് കടന്നുവന്നത്. പാർട്ടി തളരുന്നത് കാണാനാവില്ല. കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. പാർട്ടിയെ മെച്ചപ്പെടുത്താനാണ് നമ്മൾ ശബ്ദമുയർത്തുന്നതെന്നും" അദ്ദേഹം പറഞ്ഞു.
ഗുലാംനബിയെ ഉപയോഗപ്പെടുത്തുന്നില്ല: സിബൽ
കോൺഗ്രസ് ദുർബലമാകുന്നുവെന്ന യാഥാർത്ഥ്യമാണ് നാം കാണുന്നതെന്ന് കപിൽ സിബൽ പറഞ്ഞു.
'ഗുലാംനബിക്ക് മറ്റൊരു അവസരം നൽകാത്ത തീരുമാനത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് കോൺഗ്രസ് ഉപയോഗപ്പെടുത്തിയില്ല. എല്ലാ സംസ്ഥാനത്തെയും എല്ലാ ജില്ലകളിലെയും കോൺഗ്രസിന്റെ യഥാർത്ഥ സ്ഥിതിയറിയുന്ന നേതാവാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് എന്തുകൊണ്ടാണ് കോൺഗ്രസ് ഉപയോഗിക്കാത്തത് എന്ന് മനസിലാകുന്നില്ലെന്നും' സിബൽ പറഞ്ഞു.