കാഞ്ഞങ്ങാട്: ക്ഷേത്രങ്ങൾ കേവലം ആരാധനയ്ക്കുള്ള കേന്ദ്രങ്ങൾ മാത്രമല്ല അതിന് അപ്പുറത്ത് നമ്മുടെ ധർമ്മത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും മതത്തെ കുറിച്ചുമുള്ള അറിവ് പകർന്നുകൊടുക്കാൻ കഴിയുന്ന കേന്ദ്രങ്ങൾ കൂടിയാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരൻ പറഞ്ഞു. വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ശ്രീപത്മം സനാതന ധർമ്മ പാഠശാലയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി.വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി ഐ.കെ. കൃഷ്ണദാസ് വാഴുന്നോർ ദീപം കൊളുത്തി. പാഠപുസ്തക പ്രകാശനം ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി വി. മഹേഷ് നിർവ്വഹിച്ചു. പയ്യാവൂർ മാധവൻ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. എം. ശങ്കരൻ നമ്പൂതിരി, കെ. വേണുഗോപാലൻ നമ്പ്യാർ, എ. വേലായുധൻ, ടി.മേശൻ, വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു. ടി. ചന്ദ്രൻ കക്കട്ടിൽ സ്വാഗതവും ടി. സുകുമാരൻ നന്ദിയും പറഞ്ഞു.