കുമരകം: ചിത്രത്തിൽ കാണുന്നത് ഒരു യു. പി. സ്കൂളിലേയ്ക്കുള്ള വഴിയാണ്. കുമരകം മൂന്നാം വാർഡിലെ സെന്റ് ജോൺസ് യു.പി സ്കൂളിലേയ്ക്കുള്ള വഴി. ഈ പഞ്ചായത്ത് നടപ്പാലം കടന്നു വേണം 110 കൊച്ചു കുട്ടികൾക്ക് സ്കൂളിലെത്താൻ. കുട്ടികൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ ഇത് അറ്റകുറ്റ പണികൾ നടത്തണമെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. പഞ്ചായത്തിലും വിദ്യാഭ്യാസ വകുപ്പിലും പൊലീസിലും വരെ പരാതി നൽകിയിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. ഇതു വരെ നടപടിയില്ല.
പാലത്തിന്റെ കൈവരികൾ തകർന്നിട്ട് രണ്ടു വർഷത്താേളമായി. കൊവിഡ് മൂലം സ്കൂൾ അടഞ്ഞുകിടന്നിരുന്നതിനാൽ പാലം നന്നാക്കണമെന്ന് ആരും ശക്തമായി ആവശ്യപ്പെട്ടിരുന്നില്ല. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് പാലത്തിന്റെ കൈവരികൾ ഉയരം കൂട്ടി നിർമ്മിക്കണം. തകർന്ന കമ്പികൾ പുനസ്ഥാപിക്കണം. പാലത്തിന്റെ സ്റ്റെപ്പുകൾക്ക് കൂടി കൈവരികൾ സ്ഥാപിക്കണം. ഇത്രയെങ്കിലും ചെയ്താലേ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ശ്വാസം നേരെ വീഴൂ.
പാലത്തിന് സമീപവും പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യവും രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്നു. കുട്ടികൾ നായ്ക്കളെ കണ്ട് ഭയന്ന് സുരക്ഷിതമല്ലാത്ത പാലത്തിലൂടെ ഓടി അപകടത്തിൽ പെടുമോ എന്ന ആശങ്കയാണേവർക്കും.
'നടപ്പാലത്തിന്റെ കൈവരികൾക്ക് വേണ്ടത്ര ഉയരമില്ല . സ്കൂൾ തുറക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവർ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷ.'
- പരിമിൾ ആന്റണി, ഹെഡ്മിസ്ട്രസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |