കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുള്ളിലെ സ്ഥലങ്ങൾ പാട്ടത്തിനെടുക്കാനുള്ള മത്സരം കടുത്തു. ലേലം സൂപ്പർ ഹിറ്റായി. മൂന്നു ദിവസം കൊണ്ട് 70 ശതമാനം കടകളും ലേലത്തിൽ പോയി. ഇടപ്പള്ളി സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ ഒരു സ്‌ക്വയർ ഫീറ്റിന് രണ്ടായിരത്തിന് മുകളിൽ ലേലത്തുക വന്നതാണ് റെക്കാഡ്. 50 ചതുരശ്ര അടി കിയോസ്കിന് മാസം ഒരു ലക്ഷത്തിലേറെയാണ് വാടക നൽകേണ്ടിവരിക.
ആലുവ, ഇടപ്പള്ളി സ്റ്റേഷനുകളിലായിരുന്നു ആവശ്യക്കാരേറെ. സ്‌ക്വയർ ഫീറ്റിന് 15 രൂപ മുതൽ 50 രൂപ വരെയാണ് ഇവിടെ പ്രതിമാസ വാടകയുടെ അടിസ്ഥാന നിരക്ക്. ഇടപ്പള്ളി സ്റ്റേഷനിലെ കിയോസ്‌കിൽ 100 രൂപയിൽ ആരംഭിച്ച ലേലം നിമിഷ നേരം കൊണ്ട് രണ്ടായിരം കടന്നു. ആലുവയിൽ 50 രൂപയ്ക്ക് ആരംഭിച്ചത് 1000 രൂപയിൽ വരെയെത്തി. ഇന്ന് വൈറ്റില മുതൽ പേട്ട വരെയുള്ളയിടങ്ങളിലാണ് ലേലം. അവശേഷിക്കുന്നവയും ലേലത്തിൽ വയ്ക്കും. ഇടപ്പള്ളി, അമ്പാട്ടുകാവ്, പത്തടിപ്പാലം, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, ജെ.എൻ.യു സ്റ്റേഷൻ, സൗത്ത് സ്റ്റേഷനുകളിലെ നിരവധി കിയോസ്‌കുകൾക്ക് ആളെത്തിയില്ല.
എറണാകുളം ടൗൺ ഹാളാണ് ലേലവേദി. ഓൺലൈനായി രജിസ്റ്റർ ചെയ്യാത്തവർക്ക് രാവിലെ 08.15 മുതൽ സ്‌പോട്ട് രജിസ്‌ട്രേഷനുമുുണ്ട്. ഇന്ന് ലേലം അവസാനിക്കും.
311 കിയോസ്കുകൾ
22 സ്റ്റേഷനുകളിലായി 311 കടകൾക്കുള്ള സ്ഥലമാണ് കെ.എം.ആർ.എൽ ലേലം ചെയ്ത് അഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. മെട്രോ നിർദ്ദേശിക്കുന്ന ഡിസൈൻ നിർബന്ധമാണ്. ഒരാൾക്ക് നാല് കടകൾ വരെ ലേലത്തിലെടുക്കാം.
കടകളിലേക്കെത്തുന്നവർ മെട്രോ റെയിൽ കൂടി ഉപയോഗിച്ചാൽ മെട്രോ കമ്പനിയുടെ നഷ്ടം ഒരു പരിധി വരെ കുറയ്ക്കാമെന്നാണ് പ്രതീക്ഷ.