SignIn
Kerala Kaumudi Online
Saturday, 04 May 2024 10.07 PM IST

പുരസ്‌കാരപ്പെരുമയിലും തീരാത്ത സങ്കടങ്ങളുമായി ...

raman
ചിരിയ്ക്കിടയിൽ മറക്കുന്ന വേദന... ചെറുവയൽ രാമനെ കാണാൻ കൃഷി മന്ത്രി പി.പ്രസാദ് കഴിഞ്ഞ അഞ്ചിന് വീട്ടിലെത്തിയപ്പോൾ

കൽപ്പറ്റ: പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽ ഇൗ വർഷത്തെ കർഷകജ്യോതി അവാർഡിന് അർഹനായെന്നു കേട്ടപ്പോൾ ചെറുവയൽ രാമന്റെ മുഖത്ത് പതിവുമട്ടിലുള്ള നിറഞ്ഞ ചിരി. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഫലകവുമെല്ലാം അടങ്ങുന്നതാണ് അവാർഡെന്നു പറഞ്ഞപ്പോഴും അതിരു കവിഞ്ഞ ആവേശമൊന്നുമില്ല.

സന്ധ്യ മയങ്ങുമ്പോഴാണ് രാമൻസന്തോഷ വാർത്ത അറിയുന്നത്. അപ്പോഴും പാടത്ത് നിന്ന് കയറിയിരുന്നില്ല.

''ഇങ്ങനെയൊരു അവാർഡ് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. സർക്കാരിനോട് നന്ദി പറയുന്നു.....'' രാമന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഈ പാരമ്പര്യ നെൽ കർഷകന്റെ ഉള്ളിൽ പക്ഷെ, തീരാത്ത സങ്കടങ്ങളുമുണ്ട്. ആരും അങ്ങനെ അറിയാത്ത സങ്കടങ്ങൾ.

പൈതൃക നെൽവിത്തുകളുടെ സംരക്ഷകനെന്ന പേരൊക്കെയുണ്ട്. അറുപതിലേറെ ഇനം നെൽവിത്തുകൾ ഇന്നും രാമന്റെ പത്തായത്തിൽ ഭദ്രം. എന്നാൽ, ജീവിതപ്രാരബ്‌ധങ്ങൾ കുറച്ചൊന്നുമല്ല. പ്രായം 71 കടന്നെങ്കിലും, രോഗങ്ങൾ പലതായി അലട്ടുന്നുണ്ടെങ്കിലും പാടം വിട്ട ഏർപ്പാടില്ല ഇൗ ആദിവാസി കർഷകന്. അവസാനശ്വാസം വരെ പാടത്ത് പണിയെടുക്കണമെന്ന മോഹമേയുള്ളൂ.

ഏതാണ്ട് നൂറ്റമ്പത് വർഷം പഴക്കമുളള പുല്ല് മേഞ്ഞ വീട്ടിലാണ് ഇപ്പോഴും താമസം. ഏതു നേരത്തും ഇടിഞ്ഞു വീഴാമെന്ന പരുവത്തിലാണ് വീടിന്റെ നില്പ്. 2018 ഒക്ടോബറിൽ ഗൾഫിലെ അജ്മാനിൽ ഒരുക്കിയ കാർഷിക പരിപാടിയിൽ പങ്കെടുക്കാൻ പോയ രാമന് ഹൃദയാഘാതം നേരിട്ടു. ആഴ്ചകളോളം അവിടെ ചികിത്സ. എം.എ.യൂസഫലിയുടെയും മറ്റും കാരുണ്യത്താൽ ജീവൻ തിരിച്ചുകിട്ടി. അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ രാമന് വേണ്ടി ആവുന്നതൊക്കെ ചെയ്തു.

മരുന്നില്ലാതെ ഒരു ദിവസം പോലും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയായി. ഇപ്പോൾ അടിവയറ്റിൽ വന്നുപെട്ട ചെറിയ മുഴയാണ് പ്രശ്നക്കാരൻ. ഇടയ്ക്കിടെ കടുത്ത വേദനയാണ്. പലരും പരിശോധിക്കാൻ നിർബന്ധിച്ചു. കൃഷിയും സിമ്പോസിയങ്ങളും ക്ളാസുകളുമെല്ലാമായി സ്വന്തം ജീവിതം നോക്കാൻ രാമന് സമയം കിട്ടാറില്ല. സംസ്ഥാനത്തും പുറത്തും രാജ്യത്തിന് പുറത്തുമായി യാത്ര തുടരുന്നു. 2018ൽ വംശീയ ശാസ്ത്രമേളയുടെ ഭാഗമായി രാമൻ ബ്രസീലിൽ പോയും പ്രബന്ധം അവതരിപ്പിച്ചു. ആമസോൺ നദിക്കരയിൽ വച്ചായിരുന്നു സെമിനാർ. മൺമറഞ്ഞുകൊണ്ടിരിക്കുന്ന പാരമ്പര്യ നെൽകൃഷിയെക്കുറിച്ചുളള അറിവ് പകരാൻ വിശ്രമമെന്തന്നറിയാതെ രാമൻ ഒാട്ടം തന്നെ.

കുറിച്യ സമുദായത്തിൽ പെട്ട രാമൻ 22 ഏക്കർ പാടത്തിനും 18 ഏക്കർ കരഭൂമിയ്ക്കും കൂട്ടവകാശമുണ്ട്. കൂട്ടുകുടുംബമായായതു കൊണ്ട് ഒന്നും ഭാഗം വച്ചിട്ടില്ല. തനിക്കുളള ഭാഗം എത്രയെന്നറിയാതെ എല്ലു മുറിയെ പണിയെടുക്കുന്നു. ഗീതയാണ് ഭാര്യ. രമണി,രമേശൻ,രാജേഷ്, രജിത എന്നിവർ മക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.