പത്തനംതിട്ട : എന്റെ കേരളം പ്രദർശനമേളയ്ക്ക് എത്തുന്നവർക്ക് ആരോഗ്യ സംബന്ധമായി പേടി വേണ്ട. ഫസ്റ്റ് എയ്ഡ് പോസ്റ്റും ആംബുലൻസുമടക്കം ആരോഗ്യ വകുപ്പ് തയ്യാറാണ്. ഏഴ് സ്റ്റാളുകളാണ് ആരോഗ്യ വകുപ്പ് ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് എയ്ഡ് പോസ്റ്റ്, മൂന്ന് സ്റ്റാളുകളിലായി മെഡിക്കൽ കോളേജിലെ ആന്തരികാവയവങ്ങളുടെ പ്രദർശനം, ജീവിത ശൈലി രോഗങ്ങൾ, ഈ - ഹെൽത്ത്, ആരോഗ്യ ബോധവൽക്കരണ വീഡിയോ റൂം എന്നിങ്ങനെയാണ് വകുപ്പിന്റെ സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഫസ്റ്റ് എയ്ഡ് പോസ്റ്റ്
രോഗമോ അപകടമോ എന്ത് സംഭവിച്ചാലും പ്രാഥമിക ചികിത്സ ഉറപ്പാക്കാനാണ് ഫസ്റ്റ് എയ്ഡ് പോസ്റ്റ്. ആംബുലൻസ് അടക്കമുള്ള സൗകര്യം ഇവിടെയുണ്ട്. ഒരു ഡോക്ടറും 3 സ്റ്റാഫ് നഴ്സും ഇവിടെയുണ്ട്. രണ്ട് ഷിഫ്റ്റ് ആയാണ് ജോലി ചെയ്യേണ്ടത്.
ആന്തരികാവയവങ്ങളുടെ പ്രദർശനം
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച ആന്തരികാവയവങ്ങളുടെ പ്രദർശനവും മേളയിലുണ്ട്. രോഗബാധിതരായതും അല്ലാത്തതുമായ അവയവങ്ങളുടെ പ്രദർശനം കാഴ്ചക്കാരെ ആകർഷിക്കുന്നു. ഹൃദയം, തലച്ചോറ്. ശ്വാസകോശം, ഗർഭാശയ കാൻസർ, സയാമീസ് ഇരട്ടകൾ തുടങ്ങിയവ ഇവയിൽപ്പെടും. മൂന്ന് സ്റ്റാളുകളിലായാണ് പ്രദർശനം. ഒപ്പം നവകേരള കർമ പദ്ധതി, ആർദ്രം പദ്ധതി, പുതിയ പ്രോജക്ടുകളുടെ ലിസ്റ്റ് എന്നിവയെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.
ഭാരം കുറയ്ക്കാം , ജീവിത ശൈലി രോഗങ്ങളറിയാം
അമിത ഭാരമുള്ളവർ, മെലിഞ്ഞ് ഇരിക്കുന്നവർ തുടങ്ങിയവർക്കായി ഡയറ്റീഷനും ഇവിടെയുണ്ട്. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയടക്കം പരിശോധിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട് ആരോഗ്യ വകുപ്പ്. ഒരു ഡോക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ഡയറ്റീഷനും നഴ്സും ഇവിടെയുണ്ട്. ഭാരം കൃത്യമായി മനസിലാക്കി ആവശ്യമുള്ള ഡയറ്റ് ക്രമീകരിക്കാൻ നിർദേശവും ലഭിക്കും. കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ അതിനുള്ള ഡോക്ടറുടെ പിന്തുണയും ഉറപ്പാക്കും.
ഇ- ഹെൽത്ത്
ഒ.പി മുതൽ ഫാർമസി വരെ എല്ലാ സേവനങ്ങളും ഡിജിറ്റൽ ആയി നൽകാൻ ഇ ഹെൽത്ത് സംവിധാനം. ഇ ഹെൽത്ത് കാർഡ് ജില്ലയിൽ പതിനൊന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണുള്ളത്. ആനിക്കാട്, കിഴക്കേ ഓതറ, കോട്ടാങ്ങൽ, നാറാണംമൂഴി, പന്തളം, വടശ്ശേരിക്കര, ചെന്നീർക്കര, കോയിപ്പുറം , മെഴുവേലി, പള്ളിക്കൽ, തണ്ണിത്തോട് എന്നിവിടങ്ങളിലാണ് സേവനങ്ങൾ.
ആരോഗ്യ ബോധവൽക്കരണ വീഡിയോ റൂം
പകർച്ചവ്യാധികൾ എങ്ങനെ തടയാം എന്നതടങ്ങിയ ആരോഗ്യ ബോധവൽക്കരണ സ്റ്റാളും ഇവിടുണ്ട്. ഫോഗിംഗ് മെഷീനും കൊതുകിന്റെ ലാർവ അടക്കം പ്രദർശിപ്പിച്ചിരിക്കുന്നു. യു.എൽ.വി ആപ്ലിക്കേറ്റർ, സ്പ്രെയർ എന്നിവയും ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |