SignIn
Kerala Kaumudi Online
Friday, 20 September 2024 6.18 PM IST

ഇനിയും യാത്ര പോകണം വിശേഷങ്ങൾ പങ്കുവച്ച് സായംപ്രഭയിലെ വയോജനങ്ങൾ

Increase Font Size Decrease Font Size Print Page
photo-1

കണ്ണൂർ: പ്രായാധിക്യത്തിന്റെ അവശതകളോ ഒറ്റപ്പെടലിന്റെ വേദനയോ അല്ല, സ്വപ്നയാത്ര യാഥാർത്ഥ്യമായതിന്റെ സന്തോഷമായിരുന്നു സായംപ്രഭ വയോജന കേന്ദ്രത്തിൽ കഴിയുന്നവരുടെ മുഖത്ത്.ഒറ്റപ്പെട്ട ജീവിതത്തിൽ തങ്ങൾക്ക് ഒരിക്കലും കൈവരില്ലെന്ന് കരുതിയ സന്തോഷമുഹൂർത്തങ്ങൾ അനുഭവിച്ച അവരെ കേട്ടുനിന്നവരുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറയുകയായിരുന്നു.

കൗൺസിൽ ഹാളിൽ വച്ചാണ് ഉല്ലാസയാത്രയുടെ അനുഭവങ്ങൾ പങ്കുവെക്കാൻ അവർ ഒത്തുകൂടിയത്. കണ്ണൂർ കോർപ്പറേഷനാണ് താളിക്കാവ് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി കൊച്ചിയിലേക്ക് ഉല്ലാസയാത്ര ഒരുക്കിയത്. എൺപത്തിയൊന്നുകാരനായ താളിക്കാവ് സ്വദേശി സുരേന്ദ്രൻ ആയിരുന്നു കൂട്ടത്തിൽ പ്രായമേറിയയാൾ.ഒരിക്കൽ പോലും നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ നമ്മളിലാർക്കും കഴിഞ്ഞിട്ടുണ്ടാകില്ല, വിമാന യാത്ര, ബോട്ട് യാത്ര- ഒന്നും അനുഭവിച്ചിട്ടില്ല. എന്നാൽ ഇതെല്ലാം ഈ യാത്രയിലൂടെ സാദ്ധ്യമായെന്ന്‌ അദ്ദേഹം പറഞ്ഞു.പ്രായത്തിന്റെ അവശതകൾ ബാധിക്കുമെന്ന് കരുതിയെങ്കിലും അതൊന്നും അറിഞ്ഞത് പോലുമില്ലെന്നായിരുന്നു അറുപത്തിരണ്ടുകാരിയായ പ്രേമജയുടെ അനുഭവം.

കുട്ടികളെ പോലെ തങ്ങളെ ശ്രദ്ധിച്ച് വയോജനകേന്ദ്രത്തിലെ ഡോക്ടർ ആൻസിയ അഷ്റഫിനും നഴ്‌സുമാർക്കും സാമൂഹ്യ നീതി വകുപ്പിലെ ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ധനലക്ഷ്മി തന്റെ അനുഭവം പങ്കുവച്ചത്. മറൈൻഡ്രൈവിലെ ബോട്ടിംഗും കപ്പൽ അടുത്തു കണ്ടതും ,തൃപ്പൂണിത്തുറ ഹിൽ പാലസിന്റെ പടികൾ ആയാസമില്ലാതെ കയറി കാഴ്ചകൾ കണ്ടതുംമെട്രോയാത്രാനുഭവങ്ങളും വിമാനയാത്രയുടെ ത്രില്ലുമെല്ലാം അവർ പങ്കു വെച്ചു. 25 വയസ് കുറഞ്ഞത് പോലെ തോന്നിയെന്നായിരുന്നു കൂട്ടിലുണ്ടായിരുന്ന ഹക്കീം അഭിപ്രായപ്പെട്ടത്.

സാമൂഹ്യ നീതി വകുപ്പിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും കീഴിൽ പ്രവർത്തിക്കുന്ന സായംപ്രഭ വയോജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാലിന് രാവിലെ 4.30 ന് കണ്ണൂരിൽ നിന്നും ജനശതാബ്ദിയിലാണ് സായം പ്രഭയിലെ വയോജനങ്ങളുൾപ്പെടെയുള്ള 29 അംഗ സംഘം കൊച്ചിയിലേക്ക് ഉല്ലാസ യാത്രക്ക് പുറപ്പെട്ടത്. ബോട്ട് യാത്രയ്ക്ക് ശേഷം, തൃപ്പൂണിത്തറ ഹിൽ പാലസ്, മ്യൂസിയം തുടങ്ങിയവ സന്ദർശിച്ച് വിമാന യാത്ര ചെയ്ത് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു.

നാലുവർഷമായി തുടങ്ങിയ പകൽവീടിന്റെ ആഭിമുഖ്യത്തിലെ ആദ്യ യാത്രയായിരുന്നു ഇത്. തുടക്കത്തിൽ 20 പേർ ഉണ്ടായിരുന്ന പകൽ വീട്ടിൽ ഇപ്പോൾ 300 ൽ കൂടുതൽ ആളുകളുണ്ട്.

ഡെപ്യൂട്ടി മേയർ കെ.ഷബീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ഷമീമ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എം.പി.രാജേഷ്, ഷാഹിന മൊയ്തീൻ,സായം പ്രഭ കോ ഓർഡിനേ​റ്റർ സജിന നസീർ എന്നിവർ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ നടന്ന കൂട്ടായ്മയിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.